കിളിമാനൂര്‍: വിഖ്യാത ചിത്രകാരന്‍ രാജാ രവിവര്‍മയുടെ ജന്മദേശമായ കിളിമാനൂരില്‍ അദ്ദേഹത്തിന്റെ 116-ാം ചരമദിനത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന വിന്റര്‍ ആര്‍ട്‌സ് റെസിഡന്‍സി പ്രോഗ്രാം ആരംഭിക്കാനായത് ഏറെ ചാരിതാര്‍ത്ഥ്യജനകമാണെന്ന് പ്രശസ്ത ശില്‍പ്പി എന്‍ എന്‍ റിംസണ്‍ പറഞ്ഞു. കേരള ലളിതകലാ അക്കാദമി സംസ്ഥാന അവാര്‍ഡു നേടിയ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന ആദ്യ വിന്റര്‍ ആര്‍ട് റെസിഡന്‍സിക്ക് കിളിമാനൂരിലെ രാജാ രവിവര്‍മ മെമ്മോറിയല്‍ കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണഗതിയില്‍ കലാകാരന്മാര്‍ക്ക് തങ്ങളുടെ കലാവിദ്യാഭ്യാസത്തിനു ശേഷമുള്ള ഒരു വലിയ പ്രതിസന്ധിയാണ് സര്‍ഗപ്രവര്‍ത്തനത്തിന് അനുയോജ്യമായ ഒരു സ്റ്റുഡിയോ ലഭ്യമാവുകയെന്നതെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തില്‍ അപൂര്‍വമായ ഒരു സ്റ്റുഡിയോ സൗകര്യം ബറോഡയില്‍ ലഭിച്ച കാര്യം അനുസ്മരിച്ചുകൊണ്ട് അക്കാദമിയുടെ ഇത്തരത്തിലുള്ള സംരംഭങ്ങളെ റിംസണ്‍ അഭിനന്ദിച്ചു.

അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അക്കാദമി നിര്‍വാഹകസമിതി അംഗളായ ടോം ജെ വട്ടക്കുഴി, ലത കുര്യന്‍, കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ മനോജ്, വാര്‍ഡംഗം കൊട്ടറ മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുള്ള, പി എ, ബിജി ഭാസ്‌കര്‍, ദീപാ ഗോപാല്‍, ഷജിത് ആര്‍ ബി, സ്മിത എം ബാബു എന്നീ കലാകാരന്മാരാണ് റെസിഡന്‍സിയില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടനത്തെത്തുടര്‍ന്ന് കുട്ടികള്‍ക്കുള്ള ശില്‍പ്പശാല വര്‍ണോത്സവവും അരങ്ങേറി. റസിഡന്‍സിയില്‍ പങ്കെടുന്ന കലാകാരന്മാര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു.

കേരളത്തിലെ കലാകാരന്മാര്‍ക്ക് പ്രാദേശികവും ആഗോളതലത്തിലുമുള്ള അംഗീകാരങ്ങള്‍ ലഭ്യമാക്കുന്നതിനു ലക്ഷ്യമിട്ടാണ് അക്കാദമി റെസിഡന്‍സികള്‍ക്ക് തുടക്കമിടുന്നതെന്ന് ചെയര്‍മാന്‍ മുരളി ചീരോത്ത് പറഞ്ഞു.

ഫോട്ടോ – കിളിമാനൂരിലെ രാജാ രവിവര്‍മ മെമ്മോറിയല്‍ കള്‍ച്ചറല്‍ കോംപ്ലക്‌സില്‍ ലളിതകലാ അക്കാദമിയുടെ വിന്റര്‍ ആര്‍ട് റെസിഡന്‍സിക്ക് നടത്തുന്ന ഒരു മാസം നീണ്ടുനില്‍ക്കുന്ന വിന്റര്‍ ആര്‍ട് റെസിഡന്‍സി പ്രശസ്ത ശില്‍പ്പി എന്‍ എന്‍ റിംസണ്‍ ഉദ്ഘാടനം ചെയ്യുന്നു. വാര്‍ഡംഗം കൊട്ടറ മോഹന്‍കുമാര്‍, കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ മനോജ്, അക്കാദമി സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍, നിര്‍വാഹകസമിതി അംഗങ്ങളായ ടോം ജെ വട്ടക്കുഴി, ലത കുര്യന്‍, വാര്‍ഡംഗം കൊട്ടറ മോഹന്‍കുമാര്‍ എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here