തിരുവനന്തപുരം: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ പൊതുദർശനം തലശ്ശേരി ടൗൺ ഹാളിൽ തുടരുന്നു. ആയിരക്കണക്കിന് ആളുകളാണ് മൂന്ന് മണി മുതൽ ടൗൺ ഹാളിലെത്തി കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചത്. സാമൂഹിക – സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കാൻ തലശ്ശേരിയിൽ എത്തി. രാത്രി എട്ട് മണിയോടെ പൊതുദർശനം അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും രാത്രി വൈകിയും ആളുകൾ കൂടുതൽ എത്തിയതോടെ പൊതുദർശനം വിചാരിച്ചതിലും നീണ്ടു. പതിനൊന്ന് മണിയോടെ വിലാപയാത്രയായി തലശ്ശേരി ടൗൺ ഹാളിൽ നിന്നും ഈങ്ങൽപ്പീടികയിലേക്ക് വസതിയിലേക്ക് കൊണ്ടു വന്നു. ബന്ധുക്കളും നാട്ടുകാരും കൂടാതെ നൂറുകണക്കിന് പ്രവർത്തകരാണ് കോടിയേരിയുടെ വീട്ടിലും അവസാനമായി ഒന്നു കാണാൻ കാത്തിരിക്കുന്നത്.

കൂത്തുപറമ്പ് വെടിവെയ്പ്പിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പനും കോടിയേരി സഖാവിനെ അവസനമായി ഒരു നോക്ക് കാണാൻ ഇന്ന് തലശ്ശേരി ടൗൺ ഹാളിലേക്ക് എത്തി. സിപിഎം പ്രവർത്തകർ തോളിലേറ്റിയാണ് പുഷ്പനെ ടൗൺ ഹാളിലേക്ക് എത്തിച്ച് അന്തിമോപചാരം അർപ്പിക്കാൻ അവസരമൈാരുക്കിയത്. ടൗൺഹാളിലേക്ക് പുഷ്പൻ എത്തിയതോടെ വൈകാരിക രംഗങ്ങളാണ് ഉണ്ടായത്. മുദ്രാവാക്യം മുഴക്കി പ്രവർത്തകർ പുഷ്പനൊപ്പം കോടിയേരിക്ക് ആദരാഞ്ജലി അർപ്പിച്ചു.

അതേസമയം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമേ അനവധി രാഷ്ട്രീയ നേതാക്കളാണ് കോടിയേരിയെ അവസാനമായി കാണാൻ തലശ്ശേരി ടൗൺ ഹാളിലേക്ക് എത്തിയത്. നീണ്ട പതിറ്റാണ്ടു കാലം കോടിയേരിയുടെ രാഷ്ട്രീയ എതിരാളിയായിരുന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ അന്തിമോപചാരം അർപ്പിക്കാൻ ടൗൺ ഹാളിലെത്തി. കോടിയേരിക്ക് പുഷ്പചക്രം സമർപ്പിച്ച് വിട ചൊല്ലിയ ശേഷം മുഖ്യമന്ത്രിയുമായും ഇ പി ജയരാജനും എം വി ഗോവിന്ദനും അടക്കമുള്ള സിപിഎം നേതാക്കളുമായും കെ.സുധാകരൻ സംസാരിച്ചു. സ്പീക്കർ എ.എൻ ഷംസീറും സുധാകരനുമായി സൗഹൃദം പങ്കുവച്ചു. ആർ എം പി നേതാവും വടകര എംഎൽഎയുമായ കെ കെ. രമയും കോടിയേരിക്ക് അന്തിമോപചാരം അർപ്പിച്ചു. ആർ എം പി നേതാവ് എൻ വേണുവും രമയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here