കൊച്ചി : ലഹരിക്കെതിരെ പ്രതിരോധം തീർക്കുക എന്ന ലക്ഷ്യത്തോടെ ലഹരി വിമുക്ത കേരളം എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തും.  

 വിദ്യാർഥികളെയും രക്ഷകർത്താക്കളെയും പങ്കെടുപ്പിച്ചാണ് സ്‌കൂൾ തലങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക. ഇതിന്റെ ഭാഗമായി ആലുവ ബി.ആർ.സി യുടെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള പരിശീലന പരിപാടികൾ പൂർത്തിയായി. അധ്യാപകരിലൂടെ രക്ഷിതാക്കളിലും അതുവഴി വിദ്യാർത്ഥികളിലും അവബോധം സൃഷ്ടിച്ച് ലഹരിയുടെ ഉപയോഗം ഇല്ലാതാക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം.

    ഗവ. എയ്ഡഡ് സ്‌കൂളുകളിലെയും താൽപര്യം പ്രകടിപ്പിച്ച അൺ എയ്ഡഡ് സ്‌കൂളുകളിലെയും അധ്യാപകർക്ക് പരിശീലനം നൽകി. എൽ.പി, യു. പി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ അധ്യാപകർക്കാണ് പരിശീലനം നൽകിയത്. ഡയറ്റ്, സമഗ്ര ശിക്ഷ കേരള (എസ്.എസ്.കെ), എക്സൈസ്, പോലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ക്ലാസ്സുകൾ എടുത്തത്. 291 ഗവ. എയ്ഡഡ് സ്‌കൂളുകളിലും ഞായറാഴ്ച ബോധവൽക്കരണ പരിപാടികൾ നടന്നു.

 പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരള, എക്സൈസ്, പൊലീസ്, തദ്ദേശ സ്വയംഭരണം, ആരോഗ്യം എന്നിങ്ങനെ  വിവിധ വകുപ്പുകൾ കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. ലഹരിക്കെതിരെ ഒക്ടോബർ രണ്ട് മുതൽ  വിപുലമായ പരിപാടികളാണ്  ആസൂത്രണം ചെയ്തിട്ടുള്ളത്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചും  ബോധവൽക്കരണം നൽകി ലഹരി വിമുക്ത കേരളം സൃഷ്ടിച്ചെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

LEAVE A REPLY

Please enter your comment!
Please enter your name here