കൊച്ചി: സ്വകാര്യമേഖലയുടെ പങ്കാളിത്തം നഗരവികസനത്തിന് മുതൽക്കൂട്ടാകുമെന്ന് ഗ്രെറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (ജി മെംബർ സെക്രട്ടറി അബ്ദുൽ മാലിക്ക് കെ വി. ജിസിഡിഎ സംഘടിപ്പിക്കുന്ന ബോധി നാഷണൽ അർബൻ കോൺക്ലേവിന് മുന്നോടിയായി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെയുള്ള മൂന്നോ നാലോ പദ്ധതികൾ ജിസിഡിഎ ഉടൻ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയും പണവും സാങ്കേതിക വൈദഗ്ധ്യവും ജിസിഡിഎയുടെ പക്കലുണ്ട്. എന്നാൽ സ്വകാര്യമേഖലയുടെ പ്രവർത്തനമികവ് കൂടി സർക്കാർ പദ്ധതികളിൽ കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സംയുക്ത സംരംഭങ്ങൾ സർക്കാർ മേഖലയിലെ എൻജിനീയർമാർക്ക് ഒരു പഠനാനുഭവം കൂടിയായിരിക്കും.

ഒരു ലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഭവന-വാണിജ്യ സമുച്ചയം, ഓഫീസ് സമുച്ഛയങ്ങൾ, സ്ത്രീകൾക്കായുള്ള ഫിറ്റ്നസ് കേന്ദ്രം തുടങ്ങിയ പദ്ധതികളാണ് ജിസിഡിഎ ലക്ഷ്യമിടുന്നത്.

ജിസിഡിഎയും ക്രെഡായിയും ചേർന്ന് സംഘടിപ്പിച്ച സെമിനാറിൽ നഗരവികസനത്തിനുള്ള സാമ്പത്തിക മാതൃകകളെ പറ്റി സംസാരിക്കുകയായിരുന്നു അബ്ദുൽ മാലിക്ക്. ലാൻഡ് പൂളിംഗ്, ബെറ്റെർമെൻറ് ലെവി, ട്രാൻസ്ഫെറബിൾ ഡെവലപ്മെന്റ് റൈറ്റ്സ്, മുനിസിപ്പൽ ബോണ്ടുകൾ തുടങ്ങിയ വിഭവ സമാഹരണ മാർഗങ്ങളിൽ കേരളത്തിന്റെ സാദ്ധ്യതകൾ അദ്ദേഹം വിശദമാക്കി. നിലവിലുള്ള നഗരാസൂത്രണ നിയമങ്ങൾ ഇത്തരം മാർഗങ്ങൾ അനുവദിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇവയുടെ കുറ്റമറ്റ നടത്തിപ്പിനായി നിയമങ്ങളിൽ അനിവാര്യമായ ഭേദഗതികൾ കൊണ്ടുവരേണ്ടതിൻറെ ആവശ്യകത സെമിനാറിൽ ചർച്ചയായി.

കൊച്ചിയിൽ മാത്രം 900 ഭൂമി ലാൻഡ് പൂളിംഗ് വഴി സമാഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. വികസന പ്രവർത്തനങ്ങൾക്കായി ഭൂമി സമാഹരിക്കുകയും പിന്നീട് തിരിച്ചുകൊടുക്കുകയും ചെയ്യുന്ന ഈ മാർഗം സംബന്ധിച്ച നിയമങ്ങളിൽ സർക്കാർ ഉടൻ വ്യക്തത വരുത്തുമെന്ന് ജിസിഡിഎ മെമ്പർ സെക്രട്ടറി അറിയിച്ചു.

ബോധി ദേശീയ കോൺക്ലേവിന് മുന്നോടിയായുള്ള മൂന്നാമത്തെയും അവസാനത്തെയും സെമിനാർ പങ്കാളിത്തം കൊണ്ടും ഇടപെടലുകൾ കൊണ്ടും ശ്രദ്ധ നേടി. സർക്കാർ പദ്ധതികളിൽ പങ്കാളികളാകുന്നതിന് സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കണമെങ്കിൽ ഇരുകൂട്ടർക്കുമിടയിൽ വിശ്വാസ്യത ഉറപ്പിക്കേണ്ടതുണ്ടെന്ന് ക്രെഡായ് പ്രതിനിധികൾ ആവശ്യപ്പെട്ടു. കുറ്റമറ്റ കരാറുകളും വ്യവസ്ഥകളുമാണ് ഇതിന് പരിഹാരമെന്ന് അബ്ദുൽ മാലിക്ക് അഭിപ്രായപ്പെട്ടു.

സർക്കാരുമായുള്ള സംയുക്ത പങ്കാളിത്തത്തിലുള്ള പദ്ധതികൾ പാതി വഴിയിൽ നിലച്ചുപോകുന്ന ആശങ്ക മേഖലയിൽ നിന്നുള്ള പ്രതിനിധികൾ പങ്കുവെച്ചു. മുൻകാലത്തെ കയ്‌പ്പേറിയ അനുഭവങ്ങൾ മായിച്ചു കളഞ്ഞുകൊണ്ട് വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുകയെന്നതാണ് ഇത്തരം ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബോൾഗാട്ടി കൺവെൻഷൻ സെന്ററിൽ ഒക്ടോബർ 9, 10 തീയതികളിലാണ് ബോധി ദേശീയ കോൺക്ലേവ് നടക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് http://www.nationalurbanconclave.com വെബ്സൈറ്റ് വഴി രെജിസ്റ്റർ ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here