കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് വിവാദങ്ങളും അധികാര ഇടനാഴികളിൽ നടന്ന നിരവധിവിഷയങ്ങളും വിവരിക്കുന്ന പുസ്തകത്തിന് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് പേരിട്ടിരിക്കുന്നത്. ചെന്നൈയിൽ വച്ച് എം ശിവശങ്കർ തന്റെ കഴുത്തിൽ താലിക്കെട്ടിയെന്നും പുസ്തകത്തിൽ പറയുന്നു. മറ്റന്നാൾ പുസ്തകം വിപണിയിലിറങ്ങും.

മുൻപ് എം ശിവശങ്കർ എഴുതിയ പുസ്തകത്തിന് ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നാണ് പേരിട്ടിരുന്നത്. സമാനമായ നിലയിൽ മഹാഭാരതത്തെ കൂട്ടുപിടിച്ച് ‘ചതിയുടെ പത്മവ്യൂഹം’ എന്നാണ് സ്വപ്ന സുരേഷ് പേരിട്ടിരിക്കുന്നത്. തൃശ്ശൂർ ആസ്ഥാനമായ കറന്റ് ബുക്‌സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല പുസ്തകത്തിലുള്ളതെന്നാണ് വിവരം. യുഎഇ കോൺസുലേറ്റിൽ സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന കാലത്തേതടക്കം അധികാര ഇടനാഴികളിൽ കണ്ട പല കാര്യങ്ങളും പുസ്തകത്തിലുണ്ടെന്നതാണ് വിവരം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ ഘട്ടത്തിൽ തന്നെ സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളും വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് സ്വപ്നയുടേതായി പുറത്ത് വന്ന, സംസ്ഥാന സർക്കാരിൽ ആർക്കും സ്വർണക്കടത്തിൽ ബന്ധമില്ലെന്ന ശബ്ദരേഖ,സർക്കാരിന്റെ തന്നെ സമ്മർദ്ദ ഫലമായി നൽകിയതാണെന്ന് പുസ്തകത്തിൽ സ്വപ്ന കുറ്റപ്പെടുത്തുന്നു. എല്ലാ കാര്യങ്ങളിലും മുൻമന്ത്രി കെ ടി ജലീൽ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോ തുടങ്ങിയവർക്കെല്ലാം അറിവുണ്ടായിരുന്നെന്ന് പുസ്തകത്തിൽ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here