കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി തമ്പലക്കാട് കാരുശ്ശേരി വീട്ടിലെ തങ്കമ്മ ടീച്ചര്‍ക്ക് ഇന്നലെ (ഒക്ടോബര്‍ 17) കന്നി മാസത്തിലെ പുണര്‍തം നാള്‍ 89-ാം പിറന്നാളായിരുന്നു. വിദേശത്തുള്ള മക്കളെല്ലാമെത്തി പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു. എന്നാല്‍ ടീച്ചര്‍ക്ക് അതിനേക്കാള്‍ സന്തോഷം പകര്‍ന്നതാകട്ടെ ഒരു അഞ്ചാം പിറന്നാള്‍ ആഘോഷമായിരുന്നു. ടീച്ചറുടെ ആഗ്രഹപ്രകാരം 2017 ഒക്ടോബര്‍ 17-ന് ടീച്ചറുടെ ശതാഭിഷേകദിനത്തില്‍ ടീച്ചറുടെ മക്കള്‍ കാരുശ്ശേരി തറവാടിനോട് ചേര്‍ന്ന് ടീച്ചര്‍ക്ക് 84-ാം പിറന്നാള്‍ സമ്മാനമായി നല്‍കിയ മാനവോദയ പകല്‍വീടിന്റെ അഞ്ചാം പിറന്നാള്‍. മാനവോദയ പകല്‍വീടിന്റെ അഞ്ചാം വാര്‍ഷികവും ടീച്ചറുടെ 89-ാം പിറന്നാളും പ്രമാണിച്ച് നാട്ടിലെ തൊഴിലന്വേഷകരായ ചെറുപ്പക്കാരെ സൗജന്യമായി കമ്പ്യൂട്ടര്‍ പരിശീലിപ്പിക്കുന്നതിനായി മാനവോദനയ ചാരിറ്റബ്ള്‍ ട്രസ്റ്റ് തുടക്കമിട്ട കമ്പ്യൂട്ടര്‍ സെന്ററിന്റെ ഉദ്ഘാടനവും ഞായറാഴ്ച നടന്നു. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍ ജയരാജ് എംഎല്‍എ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ തങ്കപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന കലാസാംസ്‌കാരിക പരിപാടികളിലെ മുഖ്യഇനം ദിവസംതോറും മാനവോദയ പകല്‍വീട്ടിലെത്തുന്ന വന്ദ്യവയോധികരായ അമ്മമാര്‍ പങ്കെടുത്ത തിരുവാതിരക്കളിയായിരുന്നു. അതിനു പുറമെ കരോക്കെ ഗാനമേള, നാടന്‍പാട്ട്, തമ്പലക്കാട് ലാസ്യ നൃത്ത വിദ്യാലയം അവതരിപ്പിച്ച നൃത്തപരിപാടിയും അക്ഷയ് ഓവന്റെ മെന്റലിസം മായാജാല പ്രകടനവും അരങ്ങേറി.


്.
2004-ല്‍ ഭര്‍ത്താവ് കേശവന്‍ നായരുടെ മരണത്തെത്തുടര്‍ന്നാണ് വിദേശത്തുള്ള മക്കളെ ആശ്രയിക്കാതെ ഒഴിവുസമയം ചെലവഴിച്ചുകൊണ്ട് സ്വന്തം നാട്ടിലെ പ്രായമുള്ള അമ്മമാരുടെ പകലുകള്‍ക്ക് സന്തോഷവും സുരക്ഷയും നല്‍കണമെന്ന ആഗ്രഹം ടീച്ചറിനുണ്ടായത്. സ്‌നേഹസമ്പന്നരായ മക്കള്‍ ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള നിരയും പുരയും ചേര്‍ന്ന തറവാട്ടു വീടു തന്നെ എല്ലാവിധ ആധുനിക പ്രാഥമിക സൗകര്യങ്ങളും ഒരുക്കി നല്‍കി ടീച്ചറിന്റെ ഈ ആഗ്രഹം നിറവേറ്റി. കഴിഞ്ഞ അഞ്ചു വര്‍ഷമായി തമ്പലക്കാട്ടും പരിസരത്തുമുള്ള മുപ്പതോളം വയോധികരായ അമ്മമാരുടെ പകല്‍സംഗമ വേദിയാണ് ഈ പകല്‍വീട്. പകല്‍വീടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു വാഹനത്തില്‍ എന്നും രാവിലെ എല്ലാ അമ്മമാരേയും അവരവരുടെ വീടുകളിലെത്തി കൂട്ടുകയും വൈകീട്ട് തിരിച്ചെത്തിക്കുകയും ചെയ്യുന്ന ഉത്തരവാദിത്തവും ടീച്ചറുടെ നേതൃത്വത്തില്‍ പകല്‍വീട്ടിലെ ജീവനക്കാര്‍ ഏറ്റെടുത്തിരിക്കുന്നു. വിവിധ ജാതി മതങ്ങളില്‍പ്പെട്ടവരാണ് ഈ അമ്മാര്‍ എന്നതിനാല്‍ മാനുഷികധ്യാനം എന്നു പേരിട്ടിരിക്കുന്ന ഒരു മതേതര പ്രാര്‍ത്ഥനയോടെയാണ് രാവിലെ 9 മണിക്ക് പകല്‍വീട്ടിലെ പകലുകളുടെ തുടക്കം. തുടര്‍ന്ന് ചെയര്‍ യോഗ, പ്രഭാതഭക്ഷണം, പത്രപാരായണം എന്നിവക്ക് ശേഷം വിളക്കുതിരി, മെഴുകുതിരി, സാമ്പ്രാണി, പേപ്പര്‍ ബാഗ്, സോപ്പ്‌പൊടി, ക്ലീനിങ ലോഷന്‍ എന്നീ ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും പാക്ക് ചെയ്യുകയും ചെയ്യുന്നു. ഒപ്പം ചെറിയ തോതില്‍ പച്ചക്കറികൃഷിയുമുണ്ട്. വൈകുന്നേരം കുറച്ചു നേരം നടത്തം. പിന്നീട് 5 മണിക്ക് സ്വന്തം വീടുകളിലേക്ക് മടക്കയാത്ര. മാസത്തിലൊരിക്കല്‍ കുടുംബസംഗമം നടത്തുന്നുണ്ട്. പാട്ടും തിരുവാതിരകളിയും ഒക്കെ ഉണ്ടാവും അരങ്ങില്‍. ഓണം മുതല്‍ കൃസ്തമസ് വരെയുള്ള എല്ലാ വിശേഷങ്ങളും ഇവിടെ ആഘോഷമാണ്. ഇതിനെല്ലാം പുറമെ വര്‍ഷത്തില്‍ ഒരിക്കല്‍ ഒരു വിനോദയാത്രയും നിര്‍ബന്ധമാണ്.

അമ്മമാരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ഒരു മുത്തശ്ശിക്കടയും പകല്‍വീടിന്റെ ഭാഗമായി തുടങ്ങിയിട്ടുണ്ട്. ഇതിനു പുറമെ പകല്‍വീട്ടിലെത്തുന്നവരുടെ ആരോഗ്യ സംരക്ഷണത്തിനായി മാനവോദയ ക്ലിനിക്കും ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടിലെ ചെറുപ്പക്കാരുടെ തൊഴില്‍പരിശീലന മേഖലയിലും മാനവോദയ ഒട്ടും പിന്നിലല്ല. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി സ്ത്രീകള്‍ക്കായി നടത്തുന്ന സൗജന്യ തയ്യല്‍ പരിശീലന കേന്ദ്രം ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെയാണ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ട സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം. അടിസ്ഥാന കമ്പ്യൂട്ടര്‍ നൈപുണ്യങ്ങളായ എംഎസ് ഓഫീസ്, അക്കൗണ്ടിംഗ് സോഫ്റ്റ് വെയറുകളിലാണ് രണ്ട് ഇന്‍സ്ട്രക്ട്രര്‍മാരുടെ സഹായത്തോടെ ഇവിടെ സൗജന്യമായി പരിശീലനം നല്‍കുന്നതെന്ന് ടീച്ചറുടെ മകനും അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി സതര്‍ലാന്‍ഡ് ഗ്ലോബല്‍ സര്‍വീസസില്‍ ചീഫ് കമേഴ്‌സ്യല്‍ ഓഫീസറുമായ ശ്രീകുമാര്‍ പറഞ്ഞു. അഡ്വ. ഗീത, സതീഷ്‌കുമാര്‍ എന്നിവരാണ് മറ്റു മക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here