കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുടുതല്‍ ഗുരുതരമായ വകുപ്പുകളും ചുമത്താന്‍ അന്വേഷണ സംഘം. വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തുക. നിലവില്‍ ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, യുവതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍ദോസിന്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും മദ്യക്കുപ്പികളും കണ്ടെടുത്തു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുതിയ കുറ്റങ്ങള്‍ ചുമത്തുന്നത്. സെപ്തംബര്‍ 14ന് എല്‍ദോസ് തന്നെ കോവളം സൂയിസൈഡ് പോയിന്റില്‍ വച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും വസ്ത്രങ്ങള്‍ വലിച്ചുകീറി അപമാനിച്ചുവെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

 

പരാതിക്കാരിയുടെ തിരുവനന്തപുരം പേട്ടയിലെ വീട്ടില്‍ നിന്ന് എല്‍ദോസിന്റെ വസ്ത്രം കണ്ടെടുത്തത്. മദ്യക്കുപ്പി എല്‍ദോസ് ഉപയോഗിച്ചത് തന്നെയാണോ എന്നറിയാന്‍ വിരലടയാള പരിശോധന അടക്കം നടത്തും. ഇതിനിടെ പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് തുടരുകയാണ്. ഏഴ് സ്ഥലങ്ങളില്‍വച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരി പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്.

തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടന്നത്. കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലുകളിലും തെളിവെടുപ്പ് നടത്തിയിരുന്നു. തിങ്കളാഴ്ച തിരുവനന്തുപുരം പേട്ടയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. അവിടെ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഒരു ടീ ഷര്‍ട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

ഇന്ന് പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലും തെളിവെടുപ്പ് നടക്കും. വീട്ടില്‍വച്ചും പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗക്കേസിലെ പരാതിക്കാരിയുമായി തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പെരുമ്പാവൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. ബലാത്സംഗം നടന്നുവെന്ന് പറയുന്ന സ്ഥലങ്ങളിലെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തും. അതിന്റെ ഭാഗമായാണ് പെരുമ്പാവൂരില്‍ എത്തിക്കുന്നത്.

യുവതി പരാതി നല്‍കിയതിനു പിന്നാലെ ഒളിവില്‍ പോയ എല്‍ദോസിന്റെ ഒളിത്താവളം എട്ടു ദിവസമായി പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എംഎല്‍എ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here