ചെങ്ങന്നൂര്‍: മുളക്കുഴയില്‍ കിടപ്പുരോഗിയായ വയോധികയെ ചെറുമകന്‍ വെട്ടിക്കൊലപ്പെടുത്തി. ചാരുംമൂട്‌ കോയിക്കപ്പറമ്പില്‍ അന്നമ്മ വര്‍ഗീസാണ്‌ (80) കൊല്ലപ്പെട്ടത്‌.

കൊലയ്‌ക്കുശേഷം ആയുധവുമായി നിന്ന ചെറുമകനെ പോലീസ്‌ സാഹസികമായി കീഴ്‌പ്പെടുത്തി. മുളക്കുഴ തോണ്ടിയത്ത്‌ വീട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന മെഴുവേലി വിളപറമ്പില്‍ മേലേതില്‍ സാം തോമസ്‌-റോസമ്മ ദമ്പതികളുടെ ഇളയ മകന്‍ റിന്‍ജു സാം (28) ആണ്‌ അറസ്‌റ്റിലായത്‌.
കൊലപാതകം നടന്ന വീട്ടില്‍ സാം തോമസ്‌, ഭാര്യ റോസമ്മ, ഇവരുടെ ഇളയ മകന്‍ റിന്‍ജു, റോസമ്മയുടെ അമ്മയുടെ അനുജത്തി അന്നമ്മവര്‍ഗീസ്‌ എന്നിവരാണു താമസിച്ചിരുന്നത്‌. ഇന്നലെ പുലര്‍ച്ചെ റിന്‍ജുവിനെ ധ്യാനകേന്ദ്രത്തില്‍ കൊണ്ടുപോകാനൊരുങ്ങുമ്പോള്‍ ഇയാള്‍ പ്രകോപിതനായി മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു.

 

മകന്റെ മര്‍ദനമേറ്റ ഇരുവരും വീട്ടില്‍നിന്നു പുറത്തേക്ക്‌ ഓടിരക്ഷപെട്ടു. അതോടെ വീടുപൂട്ടി വല്ല്യമ്മയുടെ മുറിയില്‍ കയറിയ റിന്‍ജു, അവശനിലയില്‍ കിടന്ന അവരെ കസേരകൊണ്ട്‌ അടിക്കുകയും വെട്ടുകത്തി കൊണ്ട്‌ തലങ്ങും വിലങ്ങും വെട്ടുകയുമായിരുന്നു. അന്നമ്മ വര്‍ഗീസിന്റെ തല പിളരുകയും കൈകാലുകള്‍ മുറിഞ്ഞുമാറുകയും ചെയ്‌തു. ഇരുപത്തിനാലോളം വെട്ടുകളാണ്‌ ഇവരുടെ ശരീരത്തിലുണ്ടായിരുന്നത്‌.

അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച്‌ പോലീസ്‌ എത്തിയാണ്‌ റിന്‍ജുവിനെ കീഴ്‌പ്പെടുത്തിയത്‌. ചാരുംമൂട്ടില്‍ വീടുനിര്‍മാണം നടക്കുന്നതിനാലാണ്‌ അന്നമ്മ വര്‍ഗീസ്‌ കഴിഞ്ഞ ഏഴു മാസമായി ഈ കുടുംബത്തോടൊപ്പം താമസിച്ചുവന്നത്‌. കടബാധ്യത മൂലം മെഴുവേലിയിലെ വീടും സ്‌ഥലവും വിറ്റാണ്‌ സാമും കുടുംബവും മൂന്നു വര്‍ഷം മുമ്പ്‌ മുളക്കുഴ പഞ്ചായത്ത്‌ ഓഫീസിനു സമീപം തോണ്ടിയത്ത്‌ വീട്ടില്‍ വാടകയ്‌ക്കു താമസിക്കാനെത്തിയത്‌.

ചെന്നൈയില്‍ ജോയ്‌ ആലൂക്കാസ്‌ ഗ്രൂപ്പില്‍ മുമ്പു ജോലി ചെയ്‌തിരുന്ന റിന്‍ജു കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്‌ഥിരമായി ജോലിക്കു പോകാറില്ലായിരുന്നു. മാനസികപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നയാളാണ്‌ ഇയാളെന്ന്‌ ബന്ധുക്കള്‍ പറഞ്ഞു. പോലീസ്‌ ഇയാളെ വീട്ടിലെത്തിച്ച്‌ തെളിവുകള്‍ ശേഖരിച്ചു. കൊലയ്‌ക്കുപയോഗിച്ച വെട്ടുകത്തിയും കസേരക്കഷണവും വീട്ടില്‍നിന്നു കണ്ടെടുത്തു. ഡി.വൈ.എസ്‌.പി: ഡോ. ആര്‍.ജോസ്‌, സി.ഐ: ജോസ്‌ മാത്യു, എസ്‌.ഐ: ബാലാജി.എസ്‌. കുറുപ്പ്‌ എന്നിവര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here