തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ ഒന്‍പത് വൈസ്‌ ചാന്‍സിലര്‍മാർ നാളെ രാജി വയ്ക്കണമെന്നുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ അന്ത്യശാസനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത് പിൻവാതിൽ നിയമനങ്ങൾ നടത്താന്‍ വേണ്ടിയാണ്.

പ്രതിപക്ഷം പലവട്ടം ഇത് ചൂണ്ടിക്കാട്ടിയപ്പോഴും അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനില്‍ക്കുകയായിരുന്നു. ഇപ്പോൾ ഗവർണർ ചെയ്ത തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം ഗവര്‍ണറുടെ നടപടി അതിരുകടന്നതാണെന്ന് മുസ്ലീംലീഗ്. ഒരു വി.സിയുടെ നിയമനത്തിലാണ് സുപ്രീം കോടതി വിധി എന്നിരിക്കെ മറ്റുള്ളവരുടെ കൂടി രാജി ആവശ്യപ്പെടുന്നതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. വിഷയത്തില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്ന അസാധാരണ നീക്കത്തിനു പിന്നിലെ രാഷ്ട്രീയ അജണ്ട സംശയം ഉളവാക്കുന്നുണ്ടെന്നും ലീഗ് കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, ഗവർണറുടെ നടപടിയിൽ നിയമവശങ്ങൾ നോക്കി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവർണർ കല്‍പന പുറപ്പെടുവിച്ചത് നിര്‍ഭാഗ്യകരമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു പറഞ്ഞു. പ്രതികരിച്ചതിന്റെ പേരില്‍ തന്നെയും പുറത്താക്കിയേക്കാം. പക്ഷേ, പറയാതെ മുന്നോട്ടുപോകാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here