കണ്ണൂര്‍: ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതീകമായ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിക്ക് ജന്മനാട് വിടചൊല്ലി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കാരം നടന്നു. ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്.
കഴിഞ്ഞ ദിവസം രാവിലെ 11.45 നാണ് സതീശന്‍ പാച്ചേനി വിടവാങ്ങിയത്. തുടര്‍ന്ന് ജന്മനാടായ പാച്ചേനിയിലേക്ക് ഭൗതിക ശരീരം വിലാപയാത്രയായി കൊണ്ടുവന്നു. കെ.എസ്.യു പ്രവര്‍ത്തകനായി നടന്നുനീങ്ങിയ വഴിയില്‍ നൂറുകണക്കിനാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു.
കര്‍മ്മമണ്ഡലമായ തളിപ്പറമ്പിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലാണ് ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചത്. തളിപ്പറമ്പിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലയിലെ നിരവധിപേര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. തുടര്‍ന്ന് ഭൗതിക ശരീരം അദ്ദേഹത്തിന്റെ സഹോദരന്‍ സുരേഷിന്റെ അമ്മാനപാറയുള്ള ഭവനത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു.കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം. പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, വി.ടി ബല്‍റാം ഉള്‍പ്പടെയുള്ള നേതാക്കള്‍ ഇവിടെയെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. പിന്നീട് പ്രിയ നേതാവിന്റെ ഭൗതികദേഹം കണ്ണൂര്‍ ഡി.സി.സി ഓഫീസില്‍ വിലാപയാത്രയായി കൊണ്ടുവന്നു.
കണ്ണീരില്‍ കുതിര്‍ന്ന വികാരപരമായ വരവേല്‍പ്പാണ് ഡി.സി.സി ഓഫിസിലെ ജീവനക്കാരും നേതാക്കളും പ്രിയ നേതാവിന് നല്‍കിയത്. രാത്രി ഏറെ വൈകിയും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും പൊതു ജനങ്ങളും ഡി.സി.സി ആസ്ഥാനത്ത് എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇന്നലെ രാവിലെ 11.30 വരെ ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനം തുടര്‍ന്നു. നാട്ടുകാരും പ്രവര്‍ത്തകരും നേതാക്കളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് അവസാനമായി ഒരുനോക്ക് കാണാനായി എത്തിച്ചേര്‍ന്നത്.
ഉച്ചയ്ക്ക് 1.15 ന് ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലം ശ്മശാനത്തില്‍ എത്തിച്ചേര്‍ന്നു. സംസ്‌കാരചടങ്ങുകളില്‍ സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്ന ആയിരങ്ങള്‍ കണ്ണൂര്‍ രാഷ്ര്ടീയത്തിലെ സൗമ്യമുഖമായിരുന്ന കരുത്തനായ നേതാവിന് യാത്രാമൊഴി നേര്‍ന്നു.
1.35ന് സതീശന്‍ പാച്ചേനിയുടെ മകന്‍ ജവഹറും സഹോദരന്‍ സുരേഷും ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി. തുടര്‍ന്ന് അനുശോചന യോഗം ചേര്‍ന്നു. സ്പിക്കര്‍ എ.എന്‍ ഷംസീര്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സി.പി.എം നേതാക്കളായ ഇ.പി ജയരാജന്‍ എം.വി ജയരാജന്‍, മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എഴുത്തുകാരന്‍ ടി.പത്മനാഭന്‍, ബിജെപി നേതാവ് സി.കെ. പത്മനാഭന്‍ തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here