രാജേഷ് തില്ലങ്കേരി

കേരളം ഓരോ ആഴ്ചയിലും പ്രണയകൊലയുമായി ബന്ധപ്പെട്ട വാർത്തകളിൽ ഞെട്ടിത്തരിച്ചുകൊണ്ടിരിക്കയാണ്. കാമുകനെ ഒഴിവാക്കാനായി വിഷം കൊടുത്ത് കൊന്നെന്ന വാർത്തയാണ് തിരുവനന്തപുരം പാറശ്ശാലയിൽ നിന്നും ഏറ്റവും ഒടുവിലായി വന്നിരിക്കുന്നത്. ഷാറോൺ എന്ന വിദ്യാർത്ഥിയാണ് കാമുകിയാൽ കൊല്ലപ്പെട്ടത്. പാറശ്ശാല സ്വദേശിയും അവസാനവർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു കൊല്ലപ്പെട്ട ഷാറോൺ. തമിഴ്‌നാട് അതിർത്തിയിൽ താമസിക്കുന്ന മലയാളിയായ ഗ്രീഷ്മയെന്ന യുവതിയാണ് ഈ കൊടും കൃത്യം ചെയ്തത്.

ഷാരോണിനെ കൊന്നതാണെന്ന് പെൺകുട്ടി ഇന്ന് പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോൺ കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. പെൺകുട്ടിയുമായി ഒരു വർഷത്തെ പരിചയമായിരുന്നു ഗ്രീഷ്മയ്ക്ക് ഉണ്ടായിരുന്നത്. ഇതിനിടയിൽ തമിഴ്‌നാട് സ്വദേശിയായ സൈനികനായ മറ്റൊരു യുവാവുമായി ഗ്രീഷ്മയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്.

എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). തോട്ടങ്ങളിലെ കളനാശിനിയാണ് ഉപയോഗിച്ചതെന്നും ഷാരോൺ ഛർദിച്ചപ്പോൾ വിഷം കലർത്തിയ കാര്യം പറഞ്ഞുവെന്നും ഗ്രീഷ്മ പൊലീസിനോട് പറഞ്ഞു. നീ ഇക്കാര്യം പുറത്തു പറയേണ്ടെന്നാണ് അപ്പോൾ ഷാരോൺ പറഞ്ഞതെന്നും ഗ്രീഷ്മ പറയുന്നു . കഴിഞ്ഞ മാസം 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിൻറെ ബന്ധുക്കൾ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ചയാണ് ഷാറോൺ മരിക്കുന്നത്. കരളും വൃക്കയും തകരാറിലായതിനെ തുർന്നായിരുന്നു യുവാവിന്റെ മരണം.

ഒരാഴ്ച മുൻപാണ് കണ്ണൂർ പാനൂരിൽ യുവതിയെ കാമുകൻ അതിക്രൂരമായി കൊലപ്പെടുത്തിയത്. കാമുകി മറ്റൊരാളുമായി അടുപ്പത്തിലായതാണ് കൊലയിലേക്ക് നയിച്ചത്. പകൽ സമയത്ത് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയ കാമുകൻ ചുറ്റികകൊണ്ട് തലയ്ക്കിടിച്ച് അതിക്രൂരമായി കത്തിയുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചെയ്തത് ക്രൂരമായൊരു കുറ്റകൃത്യമാണെന്നുപോലും ഇത്തരം സംഭവങ്ങളിൽ പിടിക്കപ്പെടുന്നവർക്കില്ലെന്നതും ഭീതിയുണ്ടാക്കുന്നുണ്ട്.

പ്രണയം എന്നത് ക്രൂരമായൊരു വികാരമായി മാറുന്നതാണ് കേരളത്തിൽ കഴിഞ്ഞ കുറച്ചുകാലമായി റിപ്പോർട്ടു ചെയ്യപ്പെട്ട സംഭവങ്ങൾ വ്യക്തമാക്കുന്നത്. പ്രണയം നിരസിച്ചതിന് ഒരു ബി ഡി എസ് വിദ്യാർത്ഥിയെ വെടിവച്ചുകൊന്ന സംഭവം നടന്നിട്ട് ഏറെക്കാലമായിട്ടില്ല. പ്രണയപ്പക കുടിപ്പകയായി മാറുകയും കൊന്നുകളയുകയും ചെയ്യുന്ന സംഭവങ്ങൾ മലയാളികൾക്കിടയിൽ നേരത്തെ ഉണ്ടായിരുന്നില്ല. പ്രണയ നൈരാശ്യവും അതേതുടർന്നുള്ള ആത്മഹത്യയുമൊക്കെ പണ്ടുകാലത്ത് ഉണ്ടായിരുന്നു. ആധുനിക കാലത്ത് എല്ലാം മാറിയിരിക്കുന്നു. വിശ്വാസത്തിന്റെ പേരിലും അന്ധവിശ്വാസത്തിന്റെ പേരിലും മറ്റും നരബലിപോലും അരങ്ങേറുന്ന കേരളത്തെ കുറിച്ച് എന്തു പറയാൻ. കൊല്ലാൻ ഒരുമടിയുമില്ലാത്ത നാടായി മാറുകയാണോ കേരളം ?

LEAVE A REPLY

Please enter your comment!
Please enter your name here