തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്ത് ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് കൂടി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇന്നലെ കസ്റ്റഡിയിലായ ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് ഇവരുടെ അറിവോടെയാണെന്നും തെളിവ് നശിപ്പിച്ചത് ഇവരാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

തെളിവ് നശിപ്പിക്കുന്നതിന് വിഷക്കുപ്പി ഇരുവരും ചേര്‍ന്നാണ് റബര്‍ തോട്ടത്തിന് അപ്പുറം കൊണ്ടുപോയി ഉപേക്ഷിച്ചത്. വിഷം വാങ്ങിയത് കൊലപാതകത്തിന് വേണ്ടി മാത്രമാണോ എന്നാണ് അറിയേണ്ടത്. ഇതിനായി ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇവരെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

 

കസ്റ്റഡിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മയെ ആശുപത്രിയില്‍ റിമാന്‍ഡ് ചെയ്തു. ഡിസ്ചാര്‍ജ് ചെയ്യുന്നത് വരെ ആശുപത്രി സെല്ലില്‍ തന്നെ താമസിപ്പിക്കും. ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യാശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.

അതിനിടെ, ആദ്യം പരാതി നല്‍കിയ പാറശാല പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിയെന്ന് ഷാരോണിന്റെ കുടുംബം ആരോപിച്ചു. പോലീസിന് വീഴ്ചയുണ്ടായില്ല എന്ന എഡജിപിയുടെ വിശദീകരണം ശരിയല്ല. പരാതി നല്‍കിയപ്പോള്‍ പോലീസ് ഒത്തുകളിക്കാതിരുന്നെങ്കില്‍ ഏത് വിഷം ആണ് കഴിച്ചതെന്ന് കണ്ടെത്താന്‍ കഴിയുമായിരുന്നു. എങ്കില്‍ കൃത്യമായ ചികിത്സ നല്‍കി ഷാരോണിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നൂം കുടുംബം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here