അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ മാച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 135 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കാണാതായ രണ്ട് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. 14 പേര്‍ ചികിത്സയിലുണ്ട്.

അതിനിടെ, ദുരന്ത മേഖലയില്‍ പ്രധനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദര്‍ശനം നടത്തും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും മോദി സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ആശുപത്രിയില്‍ തിരക്കുപിടിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ആശുപത്രിയുടെ ഭിത്തികളും മേല്‍ക്കൂരയും അടിയന്തരമായി പെയിന്റ് ചെയ്തു. കൂടുതല്‍ ജീവനക്കാരെ ശുചീകരണ ജോലിക്ക് നിയോഗിച്ചു. പുതിയ വാട്ടര്‍ കൂളറും ആശുപത്രിയില്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജനങ്ങളോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു. ഇത് സര്‍ക്കാര്‍ നിര്‍മ്മിത ദുരന്തമാണ്. എന്തിനണ് കൂടുതല്‍ പേരെ പാലത്തില്‍ കയറാന്‍ അനുവദിച്ചത്. സംഭവത്തില്‍ കുറ്റക്കാരെ എത്രയും വേഗം അറസ്റ്റു ചെയ്യണം. അപകടം നടക്കുമ്പോള്‍ ബി.ജെ.പി മന്ത്രിമാരും എം.പിമാരും ജില്ലാ കലക്ടറും പോലീസ് സൂപ്രണ്ടും എല്ലാവരും പ്രദേശത്ത് യോഗം ചേരുകയായിരുന്നു. അപകടവിവരം അറിഞ്ഞിട്ടുപോലും യോഗം നിര്‍ത്തി സ്ഥലത്തെത്താന്‍ തയ്യാറായില്ലെന്നും സിംഗ് വിമര്‍ശിച്ചു.

143 വര്‍ഷം പഴക്കമുള്ള തൂക്കുപാലമാണ് പുതുക്കിപ്പണിത് തുറന്നതിന്റെ അഞ്ചാം നാള്‍ അപകടത്തില്‍പെട്ടത്. 1.25 മീറ്റര്‍ (4 അടി) വീതിയും 233 മീറ്റര്‍ (764) നീളവുമുള്ളതാണ് പാലം. 1879ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണ് ഈ പാലം. അക്കാലത്ത് പതിനഞ്ച് പേരെ മാത്രഗാണ് ഒരു സമയം പാലത്തില്‍ കയറാന്‍ അനുവദിച്ചിരുന്നത്.

2008 മുതല്‍ പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതല ഒറെവ ഗ്രൂപ്പ് എന്ന കമ്പനിക്കാണ്. പതിനഞ്ച് വര്‍ഷമായി പാലത്തിന്റെ നടത്തിപ്പ് ഉത്തരവാദിത്തം മുഴുവന്‍ കമ്പനിക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here