തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനെതിരെ കൈകോർത്ത് സി.പി.എമ്മും ബി.ജെ.പിയും. തുറമുഖ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ലോങ് മാർച്ചിന്റെ സമാപന വേദിയിലാണ് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനാവൂർ നാഗപ്പനും ബി.ജെ.പി ജില്ല പ്രസിഡന്റ് വി.വി. രാജേഷും ഒരുമിച്ച് പ​ങ്കെടുത്തത്. വിഴിഞ്ഞം സമരസമിതിക്കെതിരായ സമരത്തെ പിന്തുണക്കുമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.

 

വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന ആരോപണവുമായി മന്ത്രി വി. ശിവൻകുട്ടി ഇന്ന് രംഗത്തെത്തിയിരുന്നു. പൊലീസിനു നേരെ നിരവധി അക്രമങ്ങളാണ് സമരക്കാർ നടത്തുന്നത്. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നു. ചികിത്സയിൽ കഴിയുന്ന മുൻ ആർച്ച് ബിഷപ്പ് ഡോ. സൂസൈപാക്യത്തെ സമരത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നിൽ മന്ത്രി ആന്റണി രാജുവാണെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്നലെ രംഗത്തു വന്നിരുന്നു. ”വിഴിഞ്ഞം തുറമുഖ സമരത്തിന് നേതൃത്വം നൽകുന്നത് കൂടംകുളം ആണവ നിലയത്തിനെതിരെ സമരം നടത്തിയ അതേ ശക്തികൾ തന്നെയാണ്. ഇതിനായി വിദേശ ഫണ്ട് ചില ആളുകൾക്ക് വന്നിരിക്കുകയാണ്. മന്ത്രി ആന്റണി രാജുവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്കാണ് വിദേശത്ത് നിന്ന് ഫണ്ട് എത്തിയത്. ആന്റണി രാജുവും കുടുംബാംഗങ്ങളും ആണ് ഈ സമരത്തിന് പിന്നിൽ”, എന്നിങ്ങനെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here