ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളും സാധ്യതകളും അറിയാന്‍ ലോകത്താദ്യമായി ഒരു ചാനല്‍ ഒരുങ്ങുന്നു. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അറിയിക്കാനുള്ള, അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള, അവരുടെ അപാരമായ കഴിവുകളെ സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കാനുള്ള ആദ്യത്തെ ഡിജിറ്റല്‍ ചാനലിനാണ് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ തുടക്കം കുറിച്ചിരിക്കുന്നത്.

കേരളപ്പിറവി ദിനത്തില്‍ ചാനലിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നു. ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അവരെ സംരക്ഷിക്കുന്ന സഹൃദയര്‍ക്കുമായാണ് ‘ഡിഎസി ഗ്ലോബല്‍’ എന്ന പേരില്‍ ഇങ്ങനെയൊരു ചാനല്‍ ഒരുക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. അപാരമായ കഴിവുകളുള്ള ഈ കുട്ടികളുടെ സര്‍ഗ്ഗ ശേഷികള്‍ ലോകത്തിനു മുന്നില്‍ കാണിക്കാനുള്ള ഒരു വേദിയാണ് ഈ ചാനല്‍.

ഇങ്ങനെയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമൂഹത്തെ അറിയിക്കാനുള്ള അവസരം കൂടിയാണ് ഈ ഡിജിറ്റല്‍ ചാനലിലൂടെ ഒരുങ്ങുന്നത്. നവംബര്‍ ഒന്നിന് വൈകുന്നേരം നാല് മണിക്ക് നടന്ന ചടങ്ങില്‍ സിനിമാ താരം നവ്യാ നായര്‍ ചാനല്‍ ലോഗോ റിലീസ് ചെയ്തു. ലോക സഞ്ചാരിയും സഫാരി ചാനല്‍ സാരഥിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര ഡിഎസി ഗ്ലോബല്‍ എന്ന ചാനല്‍ ലോകത്തിനു മുന്നില്‍ തുറന്നു. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദു, ഡിസേബലിറ്റി കമ്മീഷണര്‍ പഞ്ചാബ്‌കേശന്‍ എന്നിവര്‍ ആദ്യമായി ചാനലിന്റെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here