സംസ്ഥാനത്തിന്റെ പ്രഥമ കേരളശ്രീ പുരസ്‌കാരം മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്. വിവിധ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയിട്ടുള്ള വിശിഷ്ട വ്യക്തികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത പുരസ്‌കാം ആണ് കേരള പുരസ്‌കാരങ്ങള്‍. ഇന്നലെയായിരുന്നു ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ ‘കൈപിടിച്ചുയര്‍ത്തിയ ഏവര്‍ക്കും ഒരുപാട് നന്ദിയെന്ന്’ ഗോപിനാഥ് മുതുകാട് സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഗോപിനാഥ് മുതുകാട്, ഡോ. ബിജു, കാനായി കുഞ്ഞിരാമന്‍, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എംപി പരമേശ്വരന്‍, വെക്കം വിജയലക്ഷ്മി എന്നിവരാണ് കേരള ശ്രീ പുരസ്‌കാരത്തിന് അര്‍ഹരായത്. എംടി വാസുദേവന്‍ നായര്‍ക്കാണ് പ്രഥമ കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എന്‍എന്‍ പിള്ള, ടി മാധവ മേനോന്‍, മമ്മൂട്ടി എന്നിവര്‍ കേരള പ്രഭ പുരസ്‌കാരത്തിനും അര്‍ഹരായി.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകള്‍ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വര്‍ഷത്തില്‍ ഒരാള്‍ക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വര്‍ഷത്തില്‍ രണ്ടു പേര്‍ക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വര്‍ഷത്തില്‍ അഞ്ചു പേര്‍ക്കുമാണ് നല്‍കുന്നത്.

പ്രാഥമിക പരിശോധനാ സമിതി ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പുരസ്‌കാര നിര്‍ണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമര്‍പ്പിച്ച ശുപാര്‍ശകള്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ടികെഎ നായര്‍, ഡോ. ഖദീജ മുംതാസ് എന്നിവരടങ്ങുന്ന അവാര്‍ഡ് സമിതി പരിശോധിച്ചാണ് പ്രഥമ കേരള പുരസ്‌കാരങ്ങള്‍ക്കായി സര്‍ക്കാരിനു നാമനിര്‍ദേശം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here