കൊച്ചി: സാങ്കേതിക സർവകലാശാല താല്‍ക്കാലിക വിസി നിയമനക്കേസിൽ സർക്കാരിന് വന്‍തിരിച്ചടി. സിസ തോമസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഗവർണർ നിയമിച്ച ഡോ.സിസ തോമസിന് വിസിയായി തുടരാനുള്ള യോഗ്യത ഉണ്ടെന്നും വി.സിയായി തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സർവകലാശാലയിൽ സ്ഥിരം വി.സി നിയമനം ഉടൻ നടത്താനും കോടതി നിർദേശം നൽകി. ജസ്റ്റിസ് ദേവൻരാമചന്ദ്രനാണ് ഹർജി തള്ളിയത്. .

മൂന്ന് മാസത്തിനുള്ളില്‍ സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിക്കണം. ചാൻ‌സലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹർജിയുമായി വന്നത് അത്യപൂർവമായ നീക്കമാണെന്നു കോടതി അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസാ തോമസിനെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

 

‘ചാന്‍സലര്‍ യുജിസി നിയമങ്ങള്‍ പാലിച്ച് നിയമപരമായി പ്രവര്‍ത്തിക്കണം. ചാന്‍സലറുടെ ഉത്തരവുകള്‍ ഗവര്‍ണര്‍ എന്ന നിലയില്‍ അല്ല,’ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചുകൊണ്ട് പറഞ്ഞു. വിദ്യാര്‍ഥികളുടെ ഭാവിയാണ് പ്രധാനമെന്നും സര്‍വകലാശാല നിയമനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

യുജിസി മാനദണ്ഡം പാലിച്ചില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം ഡോ. രാജശ്രീയെ വിസി സ്ഥാനത്ത് നിന്ന് നീക്കിയാണ് ഡോ സിസാ തോമസിനെ വിസിയാക്കിയത്. നവംബര്‍ നാലിനായിരുന്നു സിസാ തോമസ് താത്ക്കാലിക വിസിയായി ചുമതലയേറ്റത്. എന്നാല്‍ താത്ക്കാലിക വിസിയോട് സര്‍വകലാശാല പ്രാെ വൈസ് ചാന്‍സലറും, രജിസ്ട്രാറുമടങ്ങുന്ന ഉദ്യോഗസ്ഥരെല്ലാം പൂര്‍ണ നിസ്സഹകരണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here