ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ നൂറ് കുട്ടികളെ കൂടി ഏറ്റെടുക്കുന്നുവെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്. ആയിരക്കണക്കിന് അച്ഛനമ്മമാരുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ടാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ നൂറ് കുട്ടികളെക്കൂടി ഹൃദയത്തോട് ചേര്‍ക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭിന്നശേഷി സമൂഹത്തില്‍ വരാന്‍ പോകുന്ന വലിയൊരു മാറ്റത്തിന്റെ മുന്നേറ്റമാണിതെന്നും മുതുകാട് പറഞ്ഞു. 14 വയസ്സ് മുതല്‍ 24 വയസ്സ് വരെയുള്ളവര്‍ക്കാണ് പ്രവേശനം ലഭിക്കുക.

www.differentartcentre.com എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ അയക്കുന്നവരെ കൂടിക്കാഴ്ചയ്ക്ക് വരേണ്ട തീയതി വിളിച്ചറിയിക്കും. ഏതെങ്കിലും കലയിലോ മറ്റ് കഴിവുകളിലോ പ്രാവീണ്യമുണ്ടെങ്കില്‍ അത് തെളിയിക്കുന്ന ചെറിയൊരു വീഡിയോ കൂടി അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന നൂറ് കുട്ടികളെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഏറ്റെടുക്കും. ഒരു രക്ഷിതാവ് കൂടെ വേണം. ഭക്ഷണവും ആധുനിക രീതിയിലുള്ള തെറാപ്പിയും കലാ രംഗത്തെ പരിശീലനവും ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്ന് സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 10 ആണ്.

2019ലാണ് കലകളിലൂടെ കുട്ടികള്‍ക്ക് സമഗ്രമായ മാറ്റമുണ്ടാക്കുന്നതിനായി തിരുവനന്തപുരത്ത് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ ആരംഭിക്കുന്നത്. 200 കുട്ടികള്‍ വിവിധ കലകളില്‍ ഇവിടെ പരിശീലനം നേടുകയും സന്ദര്‍ശകര്‍ക്ക് മുന്‍പില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിച്ചു വരികയും ചെയ്യുന്നു. ഡിഫറന്റ് ആര്‍ട് സെന്ററിലെ പരിശീലനം കുട്ടികളുടെ മാനസിക നിലവാരത്തില്‍ ഗണ്യമായ പുരോഗതിയുണ്ടായതായി കേരള സര്‍ക്കാരിന് കീഴിലുള്ള ചൈല്‍ഡ് ഡിവലപ്മെന്റ് സെന്റര്‍ കണ്ടെത്തുകയും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു.

തുടര്‍ന്ന്, മന്ത്രിയായിരുന്ന കെ.കെ.ശൈലജയുടെ പിന്തുണയോടെ ഭിന്നശേഷിക്കുട്ടികളെ മാജിക് പഠിപ്പിക്കാനുള്ള പദ്ധതി ആരംഭിക്കുകയും ചെയ്തു. 23 കുട്ടികളെ മാജിക് പഠിപ്പിക്കുകയും അന്നത്തെ ഇന്ത്യന്‍ വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരിക്ക് മുന്‍പില്‍ കുട്ടികള്‍ ഇന്ദ്രജാലാവതരണം നടത്തുകയും ചെയ്തു. ഇവരില്‍ നിന്ന് തിരഞ്ഞെടുത്ത കുട്ടികള്‍ക്ക് മാജിക് പ്ലാനറ്റില്‍ എംപവര്‍ എന്നപേരില്‍ തൊഴിലവസരം നല്‍കി.

2023 ജനുവരിയില്‍ പുതിയ 100 കുട്ടികളെ കൂടി പ്രവേശിപ്പിക്കാനുള്ള നടപടികളിലാണ് മുതുകാട്. ഇവിടെ ആധുനിക രീതിയില്‍ തയാറാക്കിയിരിക്കുന്ന ഒട്ടേറെ തെറപ്പി സെന്ററുകളും പ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക് തൊഴില്‍ ശാക്തീകരണം നല്‍കുന്നതിനായി യൂണിവേഴ്സല്‍ മാജിക് സെന്ററും അണിയറയില്‍ ഒരുങ്ങുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here