തിരുവനന്തപുരം: മന്ത്രി വി.അബ്ദുറഹ്മാനെതിരായ തീവ്രവാദി പരാമർശം പിൻവലിച്ച് ഫാദർ തിയോഡോഷ്യസ് ഡിക്രൂസ്. നാക്കുപിഴയാണെന്നും വികാര വിക്ഷോഭത്തിൽ സംഭവിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. പരാമര്‍ശം സമുദായങ്ങള്‍ക്കിടയില്‍ ചേരി തിരിവ് ഉണ്ടാക്കാന്‍ ഇടയായതില്‍ ഖേദിക്കുന്നെന്ന് ഡിക്രൂസ് വിശദീകരിച്ചു. പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നെന്നും തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

പരാമർശം പിന്‍വലിക്കുന്നുവെന്നു ലത്തീൻ അതിരൂപതയും വ്യക്തമാക്കി. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ പ്രശ്നം അവസാനിപ്പിക്കണം എന്നും അതിരൂപത അഭ്യർത്ഥിച്ചു. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിഴിഞ്ഞം സമരസമിതിയും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.

 

അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ ഒരു തീവ്രവാദിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന അബ്ദുറഹ്‌മാന്റെ പ്രസ്താവന സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭത്തിലാണ് ‘തീവ്രവാദി’ പരാമര്‍ശം നടത്തിയതെന്നും ഫാ. തിയോഡോഷ്യസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here