തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് സ്വീകരിച്ച വ്യവസ്ഥകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിശദീകരിച്ചു. ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തിയാണ് മുഖ്യമന്ത്രി വ്യവസ്ഥകള്‍ സഭയെ അറിയിച്ചത്. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും ഉപജീവനവും സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കി തുറമുഖം പൂര്‍ത്തിയാക്കും. വികസന പദ്ധതികളില്‍ മാനുഷിക പരിഗണന ഉറപ്പാക്കും. ഇതുവരെ സര്‍ക്കാരിന്റെ എല്ലാ പദ്ധതികളിലും ഇത് വ്യക്തമാണ്. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കുന്നതില്‍ മുന്‍കൈയെടുത്ത മലങ്കര സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ ക്ലിമ്മീസ് ബാവയുടെ ഇടപെടല്‍ ഈ അവസരത്തില്‍ പ്രത്യേകം ഓര്‍മ്മിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

അതേസമയം, മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ രംഗത്തെത്തി. ലത്തീന്‍ കത്തോലിക്ക സഭയുമായി ഊഷ്മള ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ അവകാശ വാദം സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ പ്രകടമല്ലെന്നു ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് പറഞ്ഞു.

ലത്തീന്‍ കത്തോലിക്ക സമുദായത്തിന്റെയും ആംഗ്ലോ ഇന്ത്യന്‍, ദളിത് ക്രൈസ്തവ സമൂഹങ്ങളുടെയും നിരവധി പ്രശ്‌നങ്ങളോടും ആവശ്യങ്ങളോടും സര്‍ക്കാര്‍ ക്രിയാന്മകമായിട്ടല്ല ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.ലത്തീന്‍ സഭ തിരുവനന്തപുരം അതിരൂപതയോട് പൂര്‍ണ യോജിപ്പില്‍ തന്നെയായിരുന്നെന്നും വ്യത്യസ്തമായ നിലപാടായിരുന്നു ലത്തീന്‍ സഭയുടേത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

മത്സ്യത്തൊഴിലാളി സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനത്തിലും തീരുമാനങ്ങളിലും തൃപ്തികരമായ നിലപാടല്ല സഭയ്ക്കുള്ളത്. സിമന്റ് ഗോഡൗണുകളില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നിശ്ചയിച്ച വാടക കൂട്ടാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ അതിന്റെ ദയാരഹിതമായ മുഖമാണ് വ്യക്തമാക്കിയത്.

തീരദേശ ജനതയോട് നീതി കാട്ടിയില്ല എന്നതാണ് ലത്തീന്‍ കത്തോലിക്ക സഭയുടെ വിലയിരുത്തല്‍. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രക്ഷോഭം വിജയം തന്നെയാണ്. സമരത്തില്‍ ഉയര്‍ന്ന വിഷയങ്ങളില്‍ സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ശ്രദ്ധ കൊണ്ടുവരാന്‍ പ്രക്ഷോഭത്തിനു കഴിഞ്ഞെന്നും ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ വൈസ് പ്രസിഡന്റ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here