സിബിഎസ്ഇ ക്ലസ്റ്റര്‍ 11 തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലയില്‍ നിന്നുള്ള 200 സ്‌കൂളുകളില്‍ നിന്നായി 4000 കുട്ടികള്‍ മത്സരിക്കാനെത്തും

കൊച്ചി: കേരളത്തിലെ ക്ലസ്റ്റര്‍ 11 സിബ്എസ്ഇ സ്‌കൂളുകളുടെ അത്‌ലറ്റിക് മീറ്റ് നാളെ (ഡിസം 18) മുതല്‍ ഡിസംബര്‍ 20 വരെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലും വൈറ്റിലയിലെ ടോക് എച്ച് സ്‌കൂള്‍ ഗ്രൗണ്ടിലുമായി നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലയില്‍ നിന്നുള്ള 200 സ്‌കൂളുകളില്‍ നിന്നായി 4000 കുട്ടികളാണ് 66 ഇനങ്ങളിലായി മത്സരിക്കാനെത്തുന്നത്. 45 വര്‍ഷത്തെ പാരമ്പര്യമുള്ള കൊച്ചി വൈറ്റിലയിലെ ടോക് എച്ച് പബ്ലിക് സ്‌കൂളാണ് മീറ്റിന് ആതിഥ്യമരുളുന്നത്.

മത്സരങ്ങള്‍ നാളെ (ഡിസം 18) രാവിലെ 7ന് ആരംഭിക്കും. വൈകീട്ട് 3-ന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ് ഔപചാരികമായ ഉദ്ഘാടന സമ്മേളനം. ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്യും. സിബിഎസ്ഇ തിരുവനന്തപുരം മേഖലാ ഓഫീസിലെ റീജിയണല്‍ ഡയറക്ടര്‍ മഹേഷ് ഡി ധര്‍മാധികാരി വിശിഷ്ടാതിഥിയാകും.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി 14 വയസ്സിനു താഴെ, 17 വയസ്സിനു താഴെ, 19 വയസ്സിനു താഴെ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. 100, 200, 400, 800, 1500, 3000, 5000 മീറ്റര്‍ ഓട്ടം, 4 x 100, 4 x 400 മീറ്റര്‍ റിലെ, ലോംഗ് ജമ്പ്, ഹൈ ജമ്പ്, ട്രിപ്ള്‍ ജമ്പ്, ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ജാവലിന്‍ ത്രോ തുടങ്ങിയവയാണ് പ്രധാന മത്സരഇനങ്ങള്‍. അതാതു ദിവസത്തെ മത്സരങ്ങളുടെ ഫലങ്ങള്‍ അതാതു ദിവസം തന്നെ പ്രഖ്യാപിക്കുമെന്നും സംഘാടകസമിതിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here