തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ പങ്കെടുക്കുമെന്ന് ഇ പി ജയരാജന്‍. ഇതിനായി ഇ പി വെള്ളിയാഴ്ച്ച തിരുവനന്തപുരത്തെത്തും. പി ജയരാജന്‍ സംസ്ഥാന സമിതിയില്‍ ഉന്നയിച്ച പരാതിയില്‍ ഇ പി തന്റെ നിലപാട് അറിയിക്കുമെന്നാണ് വിവരം. തിരുവനന്തപുരത്ത് പോകുന്നതില്‍ തനിക്ക് എന്താണ് പ്രശ്‌നമെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരോട് ഇ പി ജയരാജന്റെ ചോദ്യം.

‘കേരളം മുഴുവന്‍ യാത്ര ചെയ്യുന്ന ആളാണ് താന്‍. തനിക്ക് തിരുവനന്തപുരത്ത് പോകുന്നതില്‍ എന്താണ് പ്രശ്‌നം’, മാധ്യമപ്രവര്‍ത്തകരോട് ഇ പി ജയരാജന്‍ ചോദിച്ചു. ഇ പിയ്‌ക്കെതിരായ ആരോപണം ഡല്‍ഹിയില്‍ തുടരുന്ന സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ ചര്‍ച്ചയായേക്കും.പിബിയില്‍ വിശദമായ ചര്‍ച്ച വേണ്ടെന്ന നിലാപാടിലാണ് സംസ്ഥാന നേതാക്കള്‍. പിബി യോഗത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും വെള്ളിയാഴ്ച്ച നടക്കുന്ന സംസ്ഥാന സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യുക.

 

ശേഷമാകും ആരോപണത്തില്‍ അന്വേഷണം ആവശ്യമാണോയെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുക്കുക. പി ബി യോഗത്തിന് മുന്നോടിയായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പിണറായി കൂടിക്കാഴ്ച്ച നടത്തിരുന്നു.അതേസമയം വൈദീകം റിസോട്ടിന്റെ ഏറ്റവും വലിയ ഓഹരിയുടമ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരയാണെന്ന റിപ്പോര്‍ട്ട് സിഇഒ തോമസ് ജോസഫ് തള്ളി.

സിപിഐഎം സഹയാത്രികനായ രമേഷ് കുമാറിനും ഭാര്യക്കുമാണ് ഏറ്റവും കൂടുതല്‍ ഓഹരിയുള്ളതെന്നും മറ്റു പ്രചാരണങ്ങള്‍ ഇ പി ജയരാജനെ കരിവാരി തേക്കാനാണെന്നും തോമസ് ജോസഫ് പറഞ്ഞു.പി കെ ഇന്ദിരയ്ക്ക് 82 ലക്ഷം രൂപ മൂല്യമുള്ള 12.33 ശതമാനം ഓഹരികളാണ് ഉള്ളത്. റിസോര്‍ട്ടിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയര്‍പേഴ്‌സനും ഇന്ദിരയാണ്.

റിസോര്‍ട്ടില്‍ ഇന്ദിരയുടെ ഓഹരി വെളിപ്പെടുത്താന്‍ നേരത്തെ സിഇഒ തയ്യാറായിരുന്നില്ല.2021 ഡിസംബര്‍ 17 നാണ് ഇന്ദിര ചെയര്‍പേഴ്‌സനായത്. ഇതിന് മുമ്പ് മകന്‍ ജെയ്‌സനായിരുന്നു ചെയര്‍മാന്‍. ജെയ്‌സന്റെ ഓഹരിമൂല്യം 10 ലക്ഷം രൂപയാണ്. ഇതോടെ ഇപിയുടെ കുടുംബത്തില്‍ ഭാര്യക്കും മകനും മാത്രമായി 92 ലക്ഷം രൂപയുടെ ഓഹരിയാണ് റിസോര്‍ട്ടിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here