തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സ്ഥാപിക്കുന്ന അസറ്റ് ഹോംസിന്റെ 100-ാമത്തെ പദ്ധതിയായി അസറ്റ് ഐഡന്റിറ്റി പ്രഖ്യാപിച്ചു; ഒപ്പം മറ്റിടങ്ങളിലായി ഏഴ് പുതിയ പദ്ധതികളും

നിര്‍മാണം പൂര്‍ത്തിയാക്കിയ 74-ാമത്തെയും 75-ാമത്തെയും പദ്ധതികള്‍ ശനിയാഴ്ച (ജനു 7) കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യും

മൂന്നു വര്‍ഷത്തിനിടെ നൂറിന കര്‍മപരിപാടിയും ഒപ്പം 100 പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന മിഷന്‍ സെന്റിനിയലും പ്രഖ്യാപിച്ചു

ദുബായില്‍ രണ്ട് പാര്‍പ്പിട പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കമ്പനി ജിസിസി വിപണിയിലേയ്ക്ക്ും പ്രവേശിക്കുന്നു; ഒപ്പം തമിഴ്നാട്, കര്‍ണാടക, ഒഡീഷ എന്നിവിടങ്ങളിലെ പദ്ധതികളോടെ ദേശീയതലത്തിലും വികസനം

പഞ്ചനക്ഷത്ര ആതിഥേയ സൗകര്യങ്ങളോടെ അത്യാഡംബര പാര്‍പ്പിട പദ്ധതികള്‍ നടപ്പാക്കാന്‍ സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പ് കമ്പനിയായ ജെജിടിയുമായും കൈകോര്‍ക്കും

കൊച്ചി: കേരളത്തിലെ പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് യുഎസിലെ ബോസ്റ്റണ്‍ ആസ്ഥനമായ ആഗോള റിയല്‍ എസ്‌റ്റേറ്റ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സുമായി കൈകോര്‍ക്കുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 7 കോടിയിലേറെ ച അടി വിസ്തൃതിയില്‍ 10 ബില്യണ്‍ ഡോളറിന്റെ (82,000 കോടി രൂപ) നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ള ടോറസ് ഒരു സംയുക്ത സംരംഭ, നിക്ഷേപ പങ്കാളിയായാണ് അസറ്റ് ഹോംസുമായി പങ്കാളിത്തം പ്രഖ്യാപിച്ചത്. കേരളത്തിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ഇതാദ്യമായാണ് ഇങ്ങനെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) എത്തുന്നത്.

അസറ്റ് ഹോംസിന്റെ സുസ്ഥാപിത പ്രവര്‍ത്തനരീതിയും കോര്‍പ്പറേറ്റ് ഗവേണന്‍സും ഉന്നത ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളും നൂതന ആശയങ്ങളും വളര്‍ച്ചാസാധ്യതകളും കണക്കിലെടുത്താണ് പങ്കാളിത്ത തീരുമാനമെടുത്തതെന്ന് ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്സ് ഗ്ലോബല്‍ പ്രസിഡന്റ് എറിക് റിജിന്‍ബൗട് മാധ്യമങ്ങളോട് പറഞ്ഞു. സമീപ-ഇടക്കാലഭാവിയില്‍ അസറ്റ് ഹോംസിനെ വളര്‍ച്ചയുടെ അടുത്തഘട്ടത്തിലേയ്ക്ക് എത്തിക്കുന്നതിനുള്ള പിന്തുണ നല്‍കാനാണ് ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്‌സും അസറ്റ് ഹോംസും കൈകോര്‍ക്കുന്നതെന്ന് ടോറസ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ്സ് കണ്‍ട്രി മാനേജിംഗ് ഡയറക്ടര്‍ – ഇന്ത്യ അജയ് പ്രസാദ് പറഞ്ഞു.

2022 കലണ്ടര്‍വര്‍ഷം അസറ്റ് ഹോംസ് ഏഴ് പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. മൊത്തം ആറ് ലക്ഷത്തോളം ച അടി വിസ്തൃതിയുള്ള 450 പാര്‍പ്പിട യൂണിറ്റുകളാണ് ഈ പദ്ധതികളില്‍ പൂര്‍ത്തിയാക്കിയത്. കമ്പനി നിര്‍മാണം പൂര്‍ത്തിയാക്കിയ 74-ാമത്തെയും 75-ാമത്തെയും പദ്ധതികള്‍ ശനിയാഴ്ച (ജനു 7) ഉദ്ഘാടനം ചെയ്യുമെന്ന് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി. അറിയിച്ചു. കണ്ണൂരിലെ അസറ്റ് സെനറ്റ്, അസറ്റ് റെയിന്‍ട്രീ എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

സംസ്ഥാന നിയമസഭാ സ്പീക്കര്‍ എന്‍ എം ഷംസീര്‍, എംപിമാരായ കെ സുധാകരന്‍, പി സന്തോഷ് കുമാര്‍ എംപി, കെ വി സുമേഷ് എംഎല്‍എ, കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍, മുന്‍ എംപി എ പി അബ്ദുള്ളക്കുട്ടി, സിനിമാതാരവും അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസഡറുമായ ആശാ ശരത് എന്നിവര്‍ പങ്കെടുക്കും.

അസറ്റ് ഹോംസിന്റെ നൂറാമത് പദ്ധതിയായ അസറ്റ് ഐഡന്റിറ്റി ഈ മാസം തന്നെ തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിര്‍മാണമാരംഭിക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകളും പെന്റ് ഹൗസുകളും സെല്‍ഫി യൂണിറ്റുകളുമുള്‍പ്പെടെ 300 പാര്‍പ്പിട യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന അസറ്റ് ഐഡന്റിറ്റി, തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയില്‍ മൊത്തം 55 ലക്ഷം ച അടി വിസ്തൃതിയില്‍ വരുന്ന ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം എന്ന സംയോജിത മിക്സഡ് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മിക്കുന്നത്. അസറ്റ് ഹോംസിനെ ആഗോളശ്രദ്ധയിലെത്തിച്ച 96 ച അടി വിസ്തൃതിയുള്ള സെല്‍ഫി അപ്പാര്‍ട്ട്മെന്റുകള്‍ മുതല്‍ 2, 3, 4 ബെഡ്റും അപ്പാര്‍ട്ട്മെന്റുകള്‍ വരെ ഉള്‍പ്പെടുന്ന വമ്പന്‍ പദ്ധതിയാണ് അസറ്റ് ഐഡന്റിറ്റി.

25 ഏക്കര്‍ വിസ്തൃതിയിലാണ് മൊത്തം 55 ലക്ഷം ചതുരശ്ര അടി നിര്‍മിതിയില്‍ 35 ലക്ഷം ച അടി വിസ്തൃതിയില്‍ ഓഫീസുകള്‍, കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് സെന്റര്‍, ഐഡന്റിറ്റി ടവര്‍ എന്നിവയുള്‍പ്പെടുന്ന ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം വരുന്നത്. പ്രമുഖ ആഗോള വാസ്തുശില്‍പ്പി ബെനോയ്‌സ് ലണ്ടന്‍, നെവാര്‍ക്ക് ഓഫീസുകളാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രത്തിന്റെ മാസറ്റര്‍പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നഗരത്തിനകത്ത് മറ്റൊരു നഗരമായി വിഭാവനം ചെയ്യുന്ന പദ്ധതി കേരളത്തില്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത ഒരു പുതിയ അന്തര്‍ദേശീയ ജീവിതശൈലി സാക്ഷാത്കരിക്കുമെന്ന് ടോറസ് ഇന്ത്യ സിഒഒ അനില്‍കുമാര്‍ പറഞ്ഞു.

2025 നവംബറോടെ നൂറിന കര്‍മപരിപാടിയും ഒപ്പം 100 പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന മിഷന്‍ സെന്റിനിയലിന്റെ രൂപരേഖയും സുനില്‍ കുമാര്‍ പ്രഖ്യാപിച്ചു. അസറ്റ് ഹോംസിനെ രാജ്യത്തെ മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് കമ്പനികളിലൊന്നാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഇത്.

അസറ്റ് ഐഡന്റിറ്റിക്കു പുറമെ 2022-23 സാമ്പത്തികവര്‍ഷം തന്നെ എറണാകുളം, ആലപ്പുഴ, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലായി നിര്‍മാണമാരംഭിക്കുന്ന അഞ്ച് പാര്‍പ്പിട പദ്ധതികളും തിരുവനന്തപുരം കഴക്കൂട്ടത്ത് 10 ഏക്കറിലും കൊച്ചി കളമശ്ശേരിയില്‍ 22 ഏക്കറിലും നിര്‍മിക്കുന്ന രണ്ട് മെഗാ ടൗണ്‍ഷിപ്പുകളും കൂടി കമ്പനി പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.

വിദേശത്തേയ്ക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേയ്ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള അസറ്റ് ഹോംസിന്റെ പരിപാടികളും സുനില്‍ കുമാര്‍ വിശദീകരിച്ചു. ഇതനുസരിച്ച് 2023ല്‍ത്തന്നെ ദുബായില്‍ രണ്ട് പാര്‍പ്പിട പദ്ധതികള്‍ക്ക് തുടക്കമിടും. ദുബായിലെ പ്രമുഖ ജനവാസ മേഖലകളായ ജെവിസിയിലും അല്‍ വര്‍സാനലുമാണ് പദ്ധതികള്‍ വരുന്നത്. ദുബായിലെ മാറിയ വിസ നിയമങ്ങളും ഉയര്‍ന്ന ജീവിതനിലവാരവും ഈ വിപണിയെ ലോകോത്തരവും ഉപയോക്താക്കളുടെ പ്രിയപ്പെട്ട നിക്ഷേപ കേന്ദ്രമാക്കിയതുമായി സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ഇതിനു പുറമെ കര്‍ണാടക, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലേയ്ക്കും 2023ല്‍ത്തന്നെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവയ്ക്കു പുറമെ രാജ്യത്തെ ഹോസ്പിറ്റാലിറ്റി രംഗത്തെ മുന്‍നിര സാന്നിധ്യമായ സിജിഎച്ച് എര്‍ത്ത് ഗ്രൂപ്പിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ജെജിടിയുമായിച്ചേര്‍ന്ന് പ്രൈം ലൊക്കേഷനുകളില്‍ വിദേശരാജ്യങ്ങളില്‍ ലഭ്യമായ അത്യാധുനിക സൗകര്യങ്ങളും പഞ്ചനക്ഷത്ര ആതിഥേയ സേവനങ്ങളുമുള്‍പ്പെടുന്ന അത്യാഡംബര പാര്‍പ്പിട പദ്ധതികള്‍ക്കും അസറ്റ് ഹോംസ് തുടക്കം കുറിക്കും. ആദ്യഘട്ടത്തില്‍ കൊച്ചി, തൃശൂര്‍, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലാണ് ഈ പദ്ധതികള്‍ വരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് സുനില്‍ കുമാര്‍ വി. sunil@assethomes.in

LEAVE A REPLY

Please enter your comment!
Please enter your name here