കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ ആദ്യ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും. തമിഴ്നാട് സ്വദേശി പത്മത്തെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുക. കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയടക്കം മൂന്ന് പ്രതികളാണുളളത്. പ്രതികളുടെ കുറ്റം തെളിക്കാൻ കഴിയുന്ന എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.

 

ദൃക്സാക്ഷികളില്ലാത്ത കേസായതിനാല്‍ തുടക്കം മുതല്‍ കടുത്ത വെല്ലുവിളികളാണ് അന്വേഷണ സംഘം നേരിട്ടിരുന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുടുംബത്തിന്‍റെ ഐശ്വര്യത്തിനായി നരബലി നടത്താമെന്നും മനുഷ്യമാംസം വിറ്റ് പണം സമ്പാദിക്കാമെന്നും മറ്റ് പ്രതികളെ പറഞ്ഞ് പ്രേരിപ്പിച്ച മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തിയിരുന്ന ഇലന്തൂരിലെ ഭഗവല്‍ സിംഗ്, ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍. കൊലപാതകം, തട്ടിക്കൊണ്ട് പോകല്‍, ഗൂഡാലോചന, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.

 

കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മനുഷ്യ മാംസം കറിവച്ച് കഴിച്ചതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഇതിലൂടെ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. മൂന്ന് പ്രതികളുടെയും കുറ്റം തെളിക്കാന് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുളളത്. കുറ്റപത്രത്തില്‍ 200ഓളം പേജുകളുണ്ടെന്നാണ് സൂചന. കടവന്ത്ര, കാലടി പൊലീസ് സ്റ്റേഷനുകളിലായാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ കാലടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര് ചെയ്തിട്ടുളള റോസ്‌ലിയെ ഇലന്തൂരിലെത്തിച്ച് കൊലപ്പെടുത്തി എന്ന കേസിലെ കുറ്റപത്രം അടുത്ത ആഴ്ച അന്വേഷണ സംഘം പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here