കലാമികവുകള്‍ക്ക് പ്രവാസ ലോകത്തിന്റെ കയ്യടിയും പിന്തുണയും സ്വന്തമാക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ തിരിച്ചെത്തി. ദുബായില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനായി മാജിക് അക്കാദമി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ ജനുവരി 13നാണ് ദുബായിലേക്ക് യാത്ര തിരിച്ചത്.

ശനിയാഴ്ച ദുബായ് സമയം രാത്രി ഏഴിനാണ് പ്രത്യേകം പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാസന്ധ്യ അവതരിപ്പിച്ചത്. സ്പീക്കര്‍ എ.എന്‍.ഷംസീറും മന്ത്രി സജി ചെറിയാനും ചേര്‍ന്നാണ് നിയമസഭയ്ക്കു മുന്നില്‍ വെച്ച് ഇവരുടെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഇന്റര്‍ നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ ( ഐപിഎ) 2023 ജനുവരി 14-ന് ദുബൈ ഊദ്‌മേത്ത ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയ ‘എംപവറിംങ് വിത്ത് ലവ്’ എന്ന പരിപാടിയിലാണ് ഗോപിനാഥ് മുതുകാടും കുട്ടികളും കലാവിരുന്ന് അവതരിപ്പിച്ചത്.

‘ഗള്‍ഫിലെ അതിഗംഭീരമായ പരിപാടിക്ക് ശേഷം ഞങ്ങള്‍ തിരിച്ചെത്തി. പരിപാടി അതിമനോഹരമായിരുന്നു. ദുബായിലെ ആളുകളുടെ ഭാഗത്ത് നിന്ന് നല്ല് അഭിപ്രായങ്ങളാണ് ലഭിച്ചത്. ഐപിഎ ഞങ്ങളെ ഏറ്റെടുത്തു. മനോഹരമായ വേദി തന്നു. പ്രൗഢഗംഭീരമായ സദസ്സായിരുന്നു. പരിപാടിയുടെ ആദ്യം മുതല്‍ അവസാനം വരെ ഒരാള്‍ പോലും എഴുന്നേറ്റു പോകാതെ എന്റെ മക്കളുടെ പ്രോഗ്രാം ആസ്വദിച്ചു. ഇരുട്ടുമുറിയില്‍ കിടന്നിരുന്ന എന്റെ മക്കളെക്കാണാന്‍ ആ വലിയ ഓഡിറ്റോറിയം മുഴുവന്‍ നിറഞ്ഞുകവിഞ്ഞില്ലേ, എനിക്കതുമതി’ എന്നായിരുന്നു ഗോപിനാഥ് മുതുകാടിന്റെ പ്രതികരണം.

ഡിഫറന്റ് ആര്‍ട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ 33 കുട്ടികളാണ് കലാപ്രകടനങ്ങള്‍ നടത്തിയത്. ഇവരുടെ ഗള്‍ഫ് മേഖലയിലെ ആദ്യത്തെ പരിപാടിയായിരുന്നു ഇത്. മാജിക് ഷോ, നൃത്തം, സംഗീതം തുടങ്ങിയ മേഖലകളില്‍ അസാധാരണ കഴിവ് തെളിയിച്ച പ്രതിഭകളാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ഡൗണ്‍സിന്‍ഡ്രോം, മാനസിക വെല്ലുവിളി നേരിടുന്നവര്‍, കാഴ്ച-കേള്‍വി കുറവുള്ളവര്‍, അംഗപരിമിതര്‍ എന്നിങ്ങനെയുള്ള കുട്ടികളാണ് കലാസംഘത്തിലുണ്ടായിരുന്നത്.

ഡിഫറന്റ് ആര്‍ട് സെന്റര്‍ ബോര്‍ഡ് മെമ്പറും കേരളാ ടൈംസ് എംഡിയുമായ പോള്‍ കറുകപ്പിള്ളി ഗോപിനാഥ് മുതുകാടിനും ടീമിനുമൊപ്പം പരിപാടിയില്‍ സംബന്ധിക്കാനായി ദുബായിലെത്തിയിരുന്നു. എംപവറിംഗ് വിത്ത് ലൗവ് എന്ന ഭിന്നശേഷിക്കുട്ടികളുടെ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ മാത്രമായാണ് അദ്ദേഹം അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയത്. മറ്റ് നിരവധി പ്രമുഖരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

ലോകമെമ്പാടുമുള്ള പല വേദികളിലും ഇത്തരം കുട്ടികള്‍ ഈരീതിയില്‍ പ്രദര്‍ശനം നടത്താന്‍ സജ്ജമാണെന്നതിന്റെ സുചനകൂടിയാണ് ഈ പരിപാടി എന്നും, സര്‍ഗ്ഗശേഷികൊണ്ട് കുട്ടികള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനുള്ള അവസ്ഥ ഉണ്ടാക്കി കൊടുക്കുക, ആഗോളതലത്തില്‍ ഇത്തരം കുട്ടികളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും അവര്‍ക്ക് സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യുക എന്നീ ലക്ഷ്യത്തോടെയാണ് ഐപിഎ ഈ ചടങ്ങ് സംഘടിപ്പിക്കുന്നതെന്നും ഫൗണ്ടര്‍ എകെ ഫൈസലും ചെയര്‍മാന്‍ വി കെ ശംസുദ്ധീനും നേരത്തേ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here