ദില്ലി: നേപ്പാളിലുണ്ടായ വിമാന ദുരന്തത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 72 പേരും മരിച്ചതായി സ്ഥിരീകരിച്ചു. അതേസമയം, നേപ്പാളിൽ തകർന്നുവീണ യാത്രാ വിമാനത്തിന്റെ ബ്ലാക്ക്ബോക്സ് കണ്ടെത്തി. അപകടത്തിൽ മരിച്ച ഉത്തർപ്രദേശുകാരായ ചെറുപ്പക്കാരുടെ മൊബൈൽ ഫോണിൽ നിന്ന് ദുരന്തത്തിന്റെ അവസാന നിമിഷ ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് നാല് ചെറുപ്പക്കാർ വിനോദസഞ്ചാരത്തിനായി നേപ്പാളിൽ എത്തിയത്. കഠ്മണ്ഡുവിലെ പ്രശസ്തമായ പശുപതി നാഥ്‌ ക്ഷേത്രത്തിൽ പ്രാർത്ഥിച്ച ശേഷം പാരാ ഗ്ലൈഡിങ്ങിനായി ഇവർ പൊഖ്‌റയിലേക്ക് തിരിച്ചു. വിമാനം പൊഖ്‌റയിലേക്ക് താഴ്ന്നപ്പോൾ മൊബൈലിൽ ഫേസ്‌ബുക്ക് ലൈവ് നൽകുക ആയിരുന്നു ഇവർ. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞ ഇവരുടെ മൊബൈൽ അപകട സ്ഥലത്തുനിന്ന് കണ്ടെത്തി. അപകടത്തിൽ തകർന്ന യതി എയർലൈൻസിന്റെ എ ടി ആർ 72 വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോഡറും കോക്പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തിയിട്ടുണ്ട്.

നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലിന്റെ നിർദേശപ്രകാരം രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിക്ക് അപകടം സംബന്ധിച്ച റിപ്പോർട്ട് നല്‍കാൻ 45 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. അപകടത്തിന് ഒരു മിനിറ്റ് മുൻപും പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി സംസാരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നേരിയ മഞ്ഞുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തിൽ ആവശ്യമായ കാഴ്ചാപരിധി ഉണ്ടായിരുന്നുവെന്നും വ്യക്തമായി. ഇതോടെ യന്ത്ര തകരാറ് അല്ലെങ്കിൽ പൈലറ്റിന്റെ പിഴവ് എന്നീ സാധ്യതകളിലേക്കാണ് വിദഗ്ധർ വിരൽ ചൂണ്ടുന്നത്. യതി എയർലൈൻസ് അവരുടെ എല്ലാ സർവീസുകളും നിർത്തിവെച്ച്. ഇന്ന് നേപ്പാളിൽ ഔദ്യോഗിക ദുഃഖാചരണമാണ്. അതേസമയം, വിമാനത്തിൽ ഉണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് നേപ്പാൾ സൈനിക വക്താവ് സ്ഥിരീകരിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here