കിഫ്ബി ഫണ്ട് എക്കാലവും വന്‍കിട പദ്ധതികള്‍ക്ക് പ്രയോഗികമാകില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പദ്ധതികള്‍ പണമില്ലാതെ മുടങ്ങുന്നുണ്ടെങ്കില്‍ മാറ്റം വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ സമീപനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രയായിരുന്ന തോമസ് ഐസക്ക് ആയിരുന്നു ബജറ്റില്‍ 5 വര്‍ഷം കൊണ്ട് 50000 കോടി രൂപയുടെ കിഫ്ബി വികസന പദ്ധതി അവതരിപ്പിച്ചത്.

എന്നാല്‍ മൂന്ന് വര്‍ഷം കൊണ്ട് തന്നെ ഈ പദ്ധതിയിലെ 50000 കോടി കരകവിഞ്ഞു. ഇതുവരെ കിഫ്ബി സമാഹരിച്ചത് 31508 കോടി രൂപയാണ്. വിവിധ സൈസ്സുകള്‍ വഴിയും, പൊതുവിപണിയില്‍ നിന്ന് കടമെടുത്തും ലഭിച്ചത് 19220 കോടി രൂപയാണ്. 762 കോടി രൂപയാണ് റവന്യൂ മോഡല്‍ പദ്ധതി വഴി കിട്ടിയ വരുമാനം. സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ കിഫ്ബിക്ക് വേണ്ടിയെടുത്ത 12562 കോടി രൂപ കൂടി ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്തിന്റെ ആകെ ധനസ്ഥിതി താളം തെറ്റിയ അവസ്ഥയിലാണ്. അതിനാല്‍ നിലവില്‍ തുടങ്ങി വച്ച പണികള്‍ക്ക് 10000 കോടി രൂപ വായ്പയെടുക്കാന്‍ ഗ്യാരണ്ടി നല്‍കണമെന്ന കിഫ്ബിയുടെ ആവശ്യവും തളളിയ മട്ടിലാണ് ധനവകുപ്പ്.

 

കിഫ്ബി ഇതുവരെ അനുമതി നല്‍കിയിരിക്കുന്നത് 73,851 കോടിയുടെ 986 പദ്ധതികള്‍ക്കാണ്. ഇതില്‍ 449 പദ്ധതികള്‍ പൊതുമരാമത്ത് വകുപ്പിലും, 93 പദ്ധതികള്‍ ജലവകുപ്പിനും, 65 പദ്ധതികള്‍ ആരോഗ്യ വകുപ്പിനുമാണ്. പെന്‍ഷന്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി ലിമിറ്റഡ് എടുക്കുന്ന വായ്പയും, കിഫ്ബി വായ്പകളും സര്‍ക്കാരിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയ നീക്കം പുനപരിശോധിക്കപ്പെട്ടില്ലെങ്കില്‍ നിലവിലുളള പദ്ധതികളും അവതാളത്തിലാകും. അതിനിടെ ഇത്തവണ ബജറ്റില്‍ കിഫ്ബി ഫണ്ടില്‍ പുതിയ പദ്ധതി പ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here