തിരുവനന്തപുരം: കോപ്പിയടിയും തെറ്റായ വിവരങ്ങളുടേയും പേരില്‍ വിവാദത്തിലായ ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കും കേരള സര്‍വ്വകലാശാല വിസിക്കും പരാതി നല്‍കി. ഗവേഷണത്തില്‍ ചിന്തയുടെ ഗൈഡായി പ്രവര്‍ത്തിച്ച മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ.അജയകുമാറിന്റെ ഗൈഡ്ഷിപ്പ് സസ്‌പെന്‍ഡ് ചെയ്യണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്.

നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. ഈ ഭാഗത്താണ് വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഗവേഷണ പ്രബന്ധത്തിലെഴുതി വച്ചത്.

‘ആര്യന്‍’ എന്ന സിനിമയെക്കുറിച്ച് പറയുന്നിടത്താണ് വാഴക്കുല പരാമര്‍ശം. എന്നാല്‍ ആര്യനില്‍ മോഹലാലിന്റെ കഥാപാത്രം കൃത്യമായി വാഴക്കുലയുടെ രചയിതാവിനെ പറയുന്നുമുണ്ട്. സിനിമ പോലും കാണാതെയാണോ പ്രബന്ധം തയ്യാറാക്കിയതെന്നതടക്കമുള്ള ആരോപണങ്ങളാണ് ചിന്തക്കെതിരെ ഇപ്പോള്‍ ഉയരുന്നത്. ചിന്തയുടെ ഡോക്ടറേററ് റദ്ദാക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here