ഫെബ്രുവരി 11ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ‘എംപവറിംഗ് വിത്ത് ലൗ’ എന്ന പേരില്‍ നടക്കുന്ന ഭിന്നശേഷി കുട്ടികളുടെ കലാവിരുന്നിന് ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ പ്രീയ ഗായിക ചിത്ര. ‘ഡിഫറന്റ്‌ലി ഏബിള്‍ഡായ കുട്ടികളുടെ ഷോ ഞാന്‍ കണ്ടു. എനിക്ക് അത്ഭുതമാണ് തോന്നിയത്. ഈ കുട്ടികള്‍ ഇതൊക്കെ എങ്ങനെ പഠിച്ചെടുത്തു എന്നത് എനിക്ക് ആശ്ചര്യമായി തോന്നുന്നുവെന്ന് ചിത്ര പ്രതികരിച്ചു.

‘എല്ലാവരേയും ഞാനെന്റെ അഭിനന്ദനങ്ങള്‍ അറിയിച്ചു. സാധാരണ ഗതിയില്‍ ഇത്തരം സ്‌പെഷ്യല്‍ കുട്ടികളെ മുന്‍നിരയിലേക്ക് കൊണ്ടു വരാന്‍ കൂടുതല്‍ പരിശ്രമിക്കുന്നത് അവരുടെ അമ്മമാരാണ്. ഞാനും ഒരു സ്‌പെഷ്യല്‍ കുഞ്ഞിനെ വളര്‍ത്തിയ അമ്മയാണ്. എനിക്കറിയാം എത്രയധികം വിഷമവും ബുദ്ധിമുട്ടുകളും അതിലുണ്ടെന്ന്. അങ്ങനെയുള്ള അമ്മമാര്‍ക്ക് വലിയൊരാശ്വാസമാണ് ഇങ്ങനെയൊരു പ്രോജക്ട്. ഇതുപോലെ ഇനിയും ഒത്തിരി പ്രോജക്ട്‌സ് ഉണ്ടാകട്ടെ’ എന്നും ചിത്ര ആശംസിച്ചു.

‘പാര്‍ശ്വവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കുയര്‍ത്തുവാനും എല്ലാവരേയും പോലെ അവര്‍ക്കും ഈ സമൂഹത്തില്‍ ഒരിടമുണ്ടെന്ന് ബോധ്യപ്പെടുത്തുവാനുമുള്ള വലിയൊരു ശ്രമമാണ് ഗോപിനാഥ് മുതുകാട് ഡിഫറന്റ് ആര്‍ട് സെന്റര്‍, യൂണിവേഴ്‌സല്‍ മാജിക് സെന്റര്‍ എന്നീ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത് എന്ന് മനസ്സിലാക്കുന്നു. ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ ഈ പദ്ധതികള്‍ക്ക് വിജയം കൈവരിക്കാനാകട്ടെ എന്ന് ആശംസിക്കുന്നു. നമുക്ക് ഈ മക്കളെ ചേര്‍ത്തു പിടിക്കാം. ഈ മക്കള്‍ക്ക് നല്ലൊരു ജീവിതം നല്‍കേണ്ടത് ഈ സമൂഹത്തിന്റെ കൂടെ കര്‍ത്വവ്യമാണ്. അത് അവരുടെ അര്‍ഹതയുമാണ്’ എന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു.

ഫെബ്രുവരി 11ന് വൈകുന്നേരം 6 മണിക്കാണ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ‘എംപവറിംഗ് വിത്ത് ലൗ’ എന്ന പേരില്‍ ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് അരങ്ങേറുന്നത്. ‘നിങ്ങളുടെ നിറഞ്ഞ സാന്നിധ്യവും മനോഹരമായ പുഞ്ചിരിയും പ്രതീക്ഷിച്ചു കൊണ്ട് എന്റെ കുട്ടികള്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിറഞ്ഞാടാന്‍ എത്തുകയാണ്’ എന്ന് ഗോപിനാഥ് മുതുകാട് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here