മൂന്നാര്‍: ഇടുക്കി ബിഎല്‍ റാമില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. താഴെ കിടന്നിരുന്ന വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. സിഗരറ്റ് കൊമ്പന്‍ എന്നറിയപ്പെടുന്ന ആനയാണ് ചരിഞ്ഞത്. ഇന്ന് രാവിലെയാണ് സിഗരറ്റ് കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഏലത്തോട്ടത്തിലാണ് ആനയുടെ ജഡം കിടന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഉടനെ ആരംഭിക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. ഏകദേശം എട്ടു വയസുളള കൊമ്പനാണ് ഈ ആന.

കൂടാതെ മേഖലയില്‍ കാട്ടാന ആക്രമണം തുടരുകയാണ്. വാച്ചറായ ശക്തിവേല്‍ ഉള്‍പ്പെടെ നിരവധി പേരാണ് കാട്ടാന ആക്രമണത്തില്‍ ഇവിടങ്ങളില്‍ ജീവന്‍ പൊലിഞ്ഞത്. കാട്ടാന ആക്രമണത്തില്‍ മാത്രം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മനുഷ്യ ജീവനുകള്‍ നഷ്ടമായിട്ടുളളത് ഇടുക്കി ജില്ലയിലെ പൂപ്പാറ, ചിന്നക്കാനല്‍ മേഖലയിലാണ്.

 

അതേസമയം ചിന്നക്കനാലില്‍ വീടിന് നേരെ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായി. മേഖലയില്‍ കാട്ടാന ആക്രമണം തുടരുകയാണ്. ചിന്നക്കനാല്‍ സ്വദേശിയായ മണിചെട്ടിയാരുടെ വീട്, ആനയുടെ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. വീട്ടില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരിക്കേല്‍ക്കാതെ ഓടി രക്ഷപ്പെട്ടു.

അസിസ്റ്റന്റ് കണ്‍സര്‍വേഷന്‍ ഓഫ് ഫോറസറ്റ്‌സ് ഷാന്‍ട്രി ടോം, മൂന്നാര്‍ ഡിഎഫ്ഒ രമേഷ് വിഷ്‌ണോയി എന്നിവരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വെറ്ററിനറി സര്‍ജന്‍മാരായ ഡോ.അനുരാജ്, ഡോ.നിഷ റേയ്ച്ചല്‍ എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി കൊമ്പന്റെ ജഡം സംസ്‌കരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here