തൃശ്ശൂര്‍: ആറാമത് ടിഎന്‍ജി പുരസ്‌കാരം കുടുംബശ്രീക്ക്. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ് സാമൂഹിക പ്രവര്‍ത്തകയ മല്ലികാ സാരാഭായിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ടി എന്‍ ഗോപകുമാറിന്റെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഏര്‍പ്പെടുത്തിയ ടിഎന്‍ജി പുരസ്‌കാരമാണ് ഇത്തവണ കുടുംബശ്രീക്ക് ലഭിച്ചത്. സ്ത്രീകളുടെ സ്വയം പര്യാപ്തതയ്ക്കും ശാക്തീകരണത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് രണ്ട് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരത്തിന് കുടുംബശ്രീയെ തെരഞ്ഞെടുത്തത്.

കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ നെടുംതൂണായി മാറിയ കുടുംബശ്രീ കൂട്ടായ്മയുടെ കഴിഞ്ഞ 25 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി അവാര്‍ഡ്. കഴിഞ്ഞ 20 വര്‍ഷമായി കുടുംബശ്രീയുടെ വളര്‍ച്ച കാണുകയാണ്. സാമ്പത്തിക കാര്യങ്ങളില്‍ ധനമന്ത്രിമാരേക്കാള്‍ മിടുക്ക് സത്രീകള്‍ക്കുണ്ട്. എല്ലാവരെയും ഒരുമിച്ചു കൊണ്ട് പോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നതായും അനുമോദന സന്ദേശത്തില്‍ മല്ലികാ സാരാഭായ് പറഞ്ഞു. സ്വന്തം സ്‌ക്രിപ്റ്റില്‍ ജീവിക്കാന്‍ സ്ത്രീകള്‍ക്ക് ഇനിയും ബഹുദൂരം മുന്നോട്ടു പോകാനുണ്ടെന്നും മല്ലികാ സാരാഭായി കൂട്ടിച്ചേര്‍ത്തു.

ഈ അംഗീകാരം വലിയ പ്രചോദനമാണെന്ന് കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ പ്രതികരിച്ചു. ആറാമത് ടിഎന്‍ജി പുരസ്‌കാരം അര്‍ഹമായ കൈകളില്‍ തന്നെ എത്തിക്കാനായത് അഭിമാനകരമെന്ന് ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ്സ് ഹെഡ് ആന്റ് ഡയറക്ടര്‍ ഫ്രാങ്ക് പി തോമസും ഗ്രൂപ്പ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസും പറഞ്ഞു. കേരളത്തിലെ 45 ലക്ഷം അംഗങ്ങളെ പ്രതിനീധീകരിച്ചാണ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐഎഎസ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. എം ജി അനീഷാണ് ‘പയണം’ സംവിധാനം ചെയ്തത്.

തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പുരസ്‌കാരദാന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു മുഖ്യാതിഥി ആയിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് എഡിറ്റര്‍ മനോജ് കെ ദാസ് സ്വാഗതം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ബിസിനസ് ഹെഡ് ഫ്രാങ്ക് പി തോമസ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ അനില്‍ അടൂര്‍ ടി എന്‍ ജി പുരസ്‌കാരത്തെക്കുറിച്ച് സംസാരിച്ചു. റെസിഡന്റ് എഡിറ്റര്‍ അഭിലാഷ് ജി നായര്‍ നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here