കൊച്ചി: ചെറുപ്രായത്തില്‍ തന്നെ സാമ്പത്തികമേഖലയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലപ്പുറം തിരൂര്‍ സ്വദേശിയായ ഷിബിലി റഹ്‌മാന്‍ കെ പി. സംരംഭക, സാമ്പത്തിക ഉപദേശ മേഖലകളിലെ പ്രാവീണ്യം കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലിടം കണ്ടെത്തിക്കഴിഞ്ഞു ഈ ഇരുപത്തിയൊന്നുകാരന്‍.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോയല്‍ അസറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ മാനേജിംഗ് ഡയറക്ടറാണ് ഷിബിലി. ഇന്ത്യ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ‘യംഗ് ബിസിനസ് മെന്റര്‍ ആന്‍ഡ് ഓണ്‍ട്രപ്രണര്‍ അച്ചീവര്‍’ എന്ന പദവിയാണ് ഷിബിലി ചുരുങ്ങിയ സമയത്തിനുളളില്‍ സ്വന്തമാക്കിയത്. ഫെബ്രുവരി 4നാണ് റെക്കോര്‍ഡ് പ്രഖ്യാപിച്ചത്. പതിനേഴാം വയസില്‍ ഓഹരിവിപണി വഴി സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തു തുടങ്ങിയ ഷിബിലി വിവിധ വരുമാന സ്രോതസുകളിലായി 2 കോടി രൂപയുടെ വിറ്റുവരവാണ് നടത്തുന്നത്.

ചെറുപ്പം മുതലേ ട്രേഡിംഗിലുള്ള താല്‍പ്പര്യമാണ് ഷിബിലിയെ സാമ്പത്തിക മേഖലയിലെത്തിച്ചത്. ‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ വരുമാനം ഉണ്ടാക്കണമെന്നുള്ള ആഗ്രഹത്താലാണ് ട്രേഡിംഗ് ആരംഭിച്ചത്. അങ്ങനെ വര്‍ഷങ്ങളായി ട്രേഡിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ഒപ്പം ഈ മേഖലയിലെ അറിവ് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കിടാന്‍ തുടങ്ങി. അങ്ങനെയിരിക്കെ എന്തുകൊണ്ട് ഇതൊരു ബിസിനസ് മോഡലാക്കിക്കൂടായെന്ന് ചിന്തിച്ചു. അങ്ങനെയാണ് റോയല്‍ അസറ്റ്‌സ് ഇന്‍വെസ്റ്റ്മെന്റിന്റെ തുടക്കം,’ ഷിബിലി പറയുന്നു.

നിക്ഷേപത്തെക്കുറിച്ചും ഓഹരിവിപണിയെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുകയാണ് റോയല്‍ അസറ്റ്‌സിന്റെ ലക്ഷ്യം. ഭാവിയില്‍ ട്രേഡിംഗ് മേഖലയെക്കുറിച്ചുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാനും അവര്‍ക്ക് അവസരങ്ങളുടെ ഒരു പ്ലാറ്റ്ഫോം തുറക്കാനുമാണ് ഷിബിലി റഹ്‌മാന്റെ ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here