കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി സംഘടിപ്പിക്കുന്ന സമ്മോഹന്‍ ദേശീയ ഭിന്ന ശേഷി കലാ മേളയ്ക്ക് ഇന്നു തിരശീല ഉയരും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ആര്‍.ബിന്ദു അധ്യക്ഷത വഹിക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള സാമൂഹിക നീതി വകുപ്പുകളുടെ സഹകരണത്തോടെയാണ് കലാമേള സംഘടിപ്പിക്കുന്നത്. കലാമേള ഞായറാഴ്ച സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തില്‍ പരം ഭിന്നശേഷി കുട്ടികളാണ് പങ്കെടുക്കുന്നത്.
രാവിലെ 7 മുതല്‍ റജിസ്‌ട്രേഷന്‍ ആരംഭിക്കും. 10ന് ധന്യ രവിയുടെ മോട്ടിവേഷന്‍ ക്ലാസോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷി കുട്ടികളുടെ കലാവിരുന്ന് നടക്കും. ഉച്ചയ്ക്ക് 12ന് ബെംഗളൂരുവില്‍ നിന്നെത്തിയ ഭിന്നശേഷി കലാകാരന്മാരുടെ വീല്‍ ചെയര്‍ ഡാന്‍സോടെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാകും. വൈകുന്നേരം മൂന്ന് മണി മുതല്‍ വിവിധ വേദികളില്‍ നൃത്തം, സംഗീതം, ഉപകരണ സംഗീതം, ചിത്രരചന, മാജിക്, മൈം തുടങ്ങിയ ഇനങ്ങള്‍ അവതരിപ്പിക്കും. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എംപവര്‍മെന്റ് ഓഫ് പഴ്‌സന്‍സ് വിത്ത് ഡിസെബിലിറ്റീസിന് കീഴിലുള്ള രാജ്യത്തെ 9 നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള കുട്ടികളും പങ്കെടുക്കും.








സമ്മോഹന്‍ ദേശീയ കലാ മേളയ്ക്ക് വരവേല്‍പ്പായി ഭിന്ന ശേഷി കുട്ടികളുടെ വിളംബര ഘോഷ യാത്ര.
കഴക്കൂട്ടം: വിവിധ സംസ്ഥാനങ്ങളിലെ തനതു കലാരൂപങ്ങളും വാദ്യമേളങ്ങളും വര്‍ണാഭമായ അലങ്കാരങ്ങളും സമ്മേളിച്ച് ഭിന്ന ശേഷി കുട്ടികള്‍ പങ്കെടുത്ത വിളംബര ഘോഷയാത്ര, സമ്മോഹന്‍ കലാ മേളയ്ക്ക് തുടക്കം കുറിച്ച് മന്ത്രി പി.രാജീവ് പതാക ഉയര്‍ത്തി. തുടര്‍ന്ന് കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിന് മുന്‍വശത്തുനിന്നു ഭിന്നശേഷി കുട്ടികളുടെ ഘോഷയാത്ര ആരംഭിച്ചു. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്ക് ചെയര്‍മാന്‍ ജോര്‍ജ്കുട്ടി അഗസ്റ്റി, ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡൈ്വസറി ബോര്‍ഡ് അംഗം പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.