ഒന്നര വയസുകാരന്റെ ചികിത്സയ്ക്ക് സഹായം നല്‍കാന്‍ കടല വില്‍പന നടത്തി നാലാം ക്ലാസുകാരന്‍. മലപ്പുറം തിരൂരില്‍ നിന്നാണ് നന്മയുടെ ഈ ഉദാത്ത മാതൃക. തിരൂര്‍ കട്ടച്ചിറ മേച്ചേരി ബഷീറിന്റെയും ഷഹര്‍ബാന്റെ മകന്‍ മുഹമ്മദ് ഷിബിലിയാണ് സഹജീവി സ്‌നേഹം ഇങ്ങനെയുമാകാമെന്ന് തെളിയിക്കുന്നത്.

തന്നെ കൊണ്ട് ആകുന്ന വിധത്തില്‍ ഒന്നര വയസ്സുകാരന് സഹായവുമായി എത്തുകയാണ് കടല വില്‍പ്പനയിലൂടെ ഷിബിലി. തിരൂര്‍ തൃപ്രങ്ങോട് ബീരാഞ്ചിറയിലെ ഒന്നര വയസ്സുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇതറിഞ്ഞതോടെ തന്നാല്‍ കഴിയുന്ന സഹായം നല്‍കാന്‍ പിതാവിന്റെ സമ്മതം വാങ്ങി കൈയ്യിലുണ്ടായിരുന്ന കാശ് കുഞ്ചിയിലെ പണം എടുത്ത് ചെറിയ പൊതികളാക്കി അവന്‍ കടലയുമായി നേര്‍ച്ചപ്പറമ്പിലെത്തി.

സ്‌കൂള്‍ വിട്ട് വൈകീട്ട് 5 മണി മുതല്‍ രാത്രി വരെ അവന്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കടല വിറ്റു. കിട്ടുന്ന കാശ് ചെറിയ പൈസ കുഞ്ചിയില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് നാലാം നാള്‍ അവന്‍ ഉപ്പയെയും കൂട്ടി ആ ഒന്നര വയസ്സുകാരന്റെ വീട്ടില്‍ എത്തി. പിന്നാലെ സ്‌നേഹവും പണവും ഒരുമിച്ച ശേഖരിച്ചുവച്ച ആ കുഞ്ചിപൊട്ടിച്ചു.

നൂറിന്റെയും, അമ്പതിന്റയും, പത്തിന്റയും, ചില്ലറ പൈസയും എല്ലാമായി എണ്ണായിരത്തി ഒരുനൂറ്റി മുമ്പത് രൂപയാണ് ഷിബിലി എന്ന ഈ മിടുക്കന്‍ സ്വരൂപിച്ചത്. തുക മുഴുവന്‍ കുടുംബത്തിന് കൈയമാറി. ആലത്തിയൂര്‍ എംഇടി സ്‌കൂളിലെ 4ാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷിബിലി.

LEAVE A REPLY

Please enter your comment!
Please enter your name here