തിരുവനന്തപുരം : കേരളം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍. കഠിനമായ വേനല്‍ച്ചൂടില്‍ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തി. പുറത്തുനിന്ന് 10 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഷോര്‍ട് ടേം മാര്‍ക്കറ്റില്‍നിന്ന് വാങ്ങിയിട്ടും  പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുന്നില്ല. 150 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആറുമണിക്കൂര്‍ വരെ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നു. പുറമേ വോള്‍ട്ടേജ് കുറച്ചും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നതുമൂലം ജനങ്ങള്‍ നരക യാതനയില്‍.

78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഏപ്രില്‍ 21ന് സംസ്ഥാനത്തെ ഉപഭോഗം. ഇതില്‍ 18 ദശലക്ഷം യൂണിറ്റ് മാത്രമാണ് സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. 60 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങുന്നു. ഇതില്‍ 50 ദശലക്ഷം യൂണിറ്റ് ദീര്‍ഘകാല കരാറുകള്‍ പ്രകാരമാണ് വാങ്ങുന്നത്. 10 ദശലക്ഷം തത്സമയ വിപണിയില്‍നിന്ന് വാങ്ങുന്നു. ഇപ്പോള്‍ ഈ വൈദ്യുതിക്ക് യൂണിറ്റിന് ആറുരൂപയാണ് വില. മറ്റ് സംസ്ഥാനങ്ങളിലും വരള്‍ച്ച രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ഈ വൈദ്യുതിക്കും വില കൂടും. പ്രതിദിനം 60 ലക്ഷം രൂപയാണ് ഇപ്പോള്‍ അധികം നല്‍കേണ്ടിവരുന്നത്.

കഴിഞ്ഞ വര്‍ഷം 3700 മെഗാവാട്ട് ആയിരുന്ന വൈദ്യുതി ഉപഭോഗം ഇപ്പോള്‍ 3900–4000 മെഗാവാട്ട് എന്ന നിലയിലാണ്. കടുത്ത ചൂടിനെ ചെറുക്കാന്‍ എയര്‍ കണ്ടീഷണറുകള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഉപഭോഗം കുതിച്ചുയരുകയാണ്. എല്ലാ വഴികളില്‍നിന്നുമുള്ള വൈദ്യുതി സമാഹരണം നടന്നിട്ടും 150 മെഗാവാട്ട് കുറവ്. ഇത് പരിഹരിക്കാനാണ് വോള്‍ട്ടേജ് കുറയ്ക്കുന്നതും അപ്രഖ്യാപിത ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തുന്നതും. നഗരങ്ങളില്‍ ഇടയ്ക്കിടെ അഞ്ചും പത്തും മിനിറ്റ് വൈദ്യുതിബന്ധം വിച്ഛേദിക്കുന്നു. ഇടയ്ക്കുണ്ടാകുന്ന വൈദ്യുതിതടസ്സമെന്നാണ് ജനങ്ങള്‍ കരുതുക. എന്നാല്‍, ആസൂത്രിതമായി വൈദ്യുതിബന്ധം വിച്ഛേദിക്കുകയാണ്.

ഇടുക്കി വൈദ്യുതപദ്ധതിയുടെ ജലസംഭരണിയില്‍ ഇനി 29 ശതമാനം ജലമേയുള്ളൂ. 624.83 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ വേണ്ടത്ര ജലമാണിത്. 1313 ദശലക്ഷം വൈദ്യുതിക്കുള്ള വെള്ളമാണ് സംസ്ഥാനത്തെ ജലസംഭരണികളിലുള്ളത്. ഇപ്പോഴത്തെ ഉല്‍പ്പാദനത്തിന്റെ നിരക്കില്‍ ഇത് രണ്ടുമാസത്തേക്കു  തികയില്ല.

ഇതിനിടെ വൈദ്യുതി ബോര്‍ഡും റഗുലേറ്ററി കമീഷനും തമ്മിലുള്ള പിണക്കം ഏറ്റവും മോശമായ അവസ്ഥയിലാണ്. വൈദ്യുതിനിരക്ക് നിശ്ചയിക്കുന്ന താരിഫ് ഓര്‍ഡറിന്റെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചു. പുതിയ നിരക്ക് നിശ്ചയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവില്‍ നിയമപരമായ ഒരു ഉത്തരവുമില്ലാതെയാണ് വൈദ്യുതിബോര്‍ഡ് നിരക്ക് ഈടാക്കുന്നത്. നിയമപ്രകാരം ഒരു താരിഫ് ഓര്‍ഡര്‍ ഇല്ലാതെ ജനങ്ങളില്‍നിന്ന് വൈദ്യുതിനിരക്ക് ഈടാക്കാനാകില്ല.

റഗുലേറ്ററി കമീഷനും ഇക്കാര്യങ്ങളില്‍ ശ്രദ്ധയില്ല. കോടികള്‍ മുടക്കി ആസ്ഥാനമന്ദിരം പണിയാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അവരുടെ ശ്രദ്ധ. തിരുവനന്തപുരം ചെറുവയ്ക്കലില്‍ 75 സെന്റ് സ്ഥലത്ത് മൂന്ന് അത്യാധുനിക സൌകര്യമുള്ള സ്യൂട്ടുകളടക്കമുള്ള ബഹുനിലമന്ദിരം നിര്‍മിക്കാനുള്ള താല്‍പ്പര്യപ്രകടനം ക്ഷണിച്ച് വിജ്ഞാപനമിറക്കി. എറണാകുളത്ത് വൈദ്യുതി ഓംബുഡ്സ്മാനുള്ള ആസ്ഥാനമന്ദിരത്തിനുള്ള നിര്‍മാണത്തിനും അപേക്ഷ ക്ഷണിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here