കോഴിക്കോട് ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ സി.ടി. സ്കാൻ റിപ്പോർട്ട് വൈകിയെന്നാരോപിച്ച്ബന്ധുക്കൾ ഡോക്ടറെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധവുമായി കെ.ജി.എം.ഒ.എ രം​ഗത്ത്. സീനിയർ കാർഡിയോളജിസ്റ്റ് ഡോ. പി.കെ. അശോകനാണ് മർദനമേറ്റത്. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണമെന്ന് കെ.ജി.എം.ഒ എ ആവശ്യപ്പെടുന്നു.

ഭയരഹിതവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ഡോക്ടർമാർ ജോലി ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ തങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാകൂ എന്ന് പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. തങ്ങളുടെ ആരോഗ്യവും ജീവനും കാക്കേണ്ടവർ ആശങ്കാകുലരായി സമ്മർദ്ദങ്ങൾക്ക് വഴിപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഉറപ്പാക്കാനും അക്രമികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭ്യമാക്കുന്നതിനും എല്ലാവരുടേയും ആത്മാർത്ഥമായ സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

ഐ എം.എ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് കെ.ജി.എം.ഒ.എ സർവ്വാത്മനാ പിന്തുണ പ്രഖ്യാപിക്കുന്നു. കുറ്റക്കാരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന സർക്കാരിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ നാളെ ഐ എം.എ കോഴിക്കോട് ബ്രാഞ്ചിന്റെ പരിധിയിലുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടർമാർ അവധിയെടുത്തു കൊണ്ട് ഓപി സേവനങ്ങളിൽ നിന്നും വിട്ടു നിൽക്കും. അത്യാഹിത വിഭാഗം, ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തിയ്യറ്റർ എന്നിവയുടെ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ നടക്കുന്നതാണ്. കൂടാതെ സംസ്ഥാനമൊട്ടൊകെ നാളെ (മാർച്ച് 6 ) പ്രതിഷേധ ദിനമായി ആചരിക്കുകയും എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.സുരേഷ്. ടി.എൻ, ജനറൽ സെക്രട്ടറി ഡോ. സുനിൽ പി.കെ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here