അഞ്ചുവര്‍ഷം കട്ടുമുടിച്ച ശേഷം വികസനത്തിന്റെ പുകമറ സൃഷ്ടിച്ച് വീണ്ടും അധികാരത്തിലേറാമെന്ന കണക്കുകൂട്ടലില്‍ ഉദ്ഘാടനവേദികളില്‍നിന്ന് ഉദ്ഘാടനവേദികളിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പരക്കംപായുന്ന കാഴ്ചയാണ് സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കണ്ടത്. ഈ പരിഹാസ്യമായ ഉദ്ഘാടനത്തട്ടിപ്പുകളുടെ നേര്‍ചിത്രങ്ങളാണ് ജില്ലയില്‍ അടുത്തിടെ ഉദ്ഘാടനംചെയ്ത പ്രധാന പദ്ധതികളോരോന്നും അവശേഷിപ്പിക്കുന്നത്.

ലോകത്തെ വന്‍കിട ഐടി കമ്പനികളെ പ്രതീക്ഷിച്ചിരുന്ന കേരളത്തിന്റെ അഭിമാനപദ്ധതിയെ നാണംകെടുത്തുകയായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. ഉദ്ഘാടനം നടക്കുമ്പോള്‍ കെട്ടിടത്തിന്റെ പണിപോലും പൂര്‍ത്തീകരിച്ചിരുന്നില്ല. സ്മാര്‍ട്ട്സിറ്റിയില്‍ വന്നതാകട്ടെ, കൊച്ചിയും കാക്കനാടും ആസ്ഥാനമായ ഏതാനും ഇടത്തരം ഐടി കമ്പനികള്‍.  കൂടെ ബാലവാടി, തട്ടുകട, വൈദ്യശാല, വക്കീല്‍ ഓഫീസ്, ബാങ്ക് എന്നിവയും. ആറരലക്ഷം ചതുരശ്ര അടിയുടെ കെട്ടിടത്തില്‍ 27 ഐടി കമ്പനികള്‍ എത്തിയെന്നായിരുന്നു മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നത്.

26,000 പേര്‍ ജോലിചെയ്യുന്ന ഇന്‍ഫോപാര്‍ക്കടക്കം വിട്ടുനല്‍കുകയും സമീപപ്രദേശങ്ങളില്‍ പുതിയ ഐടി പാര്‍ക്കുകള്‍ തുടങ്ങുന്നത് തടയുന്നതുമായ കരാര്‍വ്യവസ്ഥകളായിരുന്നു യുഡിഎഫ് കൊണ്ടുവന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് അത് മാറ്റിയത്. തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ടീകോമിന് വീണ്ടും ഇളവുകള്‍ നല്‍കി. 2012 ജൂണില്‍ നിര്‍മാണം തുടങ്ങിയ ആദ്യകെട്ടിടം വ്യവസ്ഥയനുസരിച്ച് 18 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. കരാറിലെ വ്യവസ്ഥപ്രകാരം ഇപ്പോള്‍ 66 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം പൂര്‍ത്തീകരിക്കണമായിരുന്നു.

കൊച്ചി മെട്രോ
കൊച്ചി മെട്രോയുടെ യാര്‍ഡിനുള്ളിലെ പരീക്ഷണ ഓട്ടം ഉല്‍ഘാടനംപോലെയാക്കിയും സര്‍ക്കാര്‍ തട്ടിപ്പുനടത്തി. സിവില്‍ ജോലികള്‍പോലും പൂര്‍ത്തിയാക്കാതെയായിരുന്നു ഇത്. 2016 ജൂണില്‍ മെട്രോ സര്‍വീസ് തുടങ്ങുമെന്നായിരുന്നു സര്‍ക്കാര്‍പ്രഖ്യാപനം. ഇപ്പോള്‍ നവംബര്‍ ഒന്നിന് സര്‍വീസ് തുടങ്ങുമെന്നാണ് പറയുന്നത്. എന്നാല്‍, ഇതിനും ഉറപ്പില്ല. അധികാരത്തില്‍ വന്നതുമുതല്‍ ഡിഎംആര്‍സിക്കും ഇ ശ്രീധരനുമെതിരെ കുത്തിത്തിരിപ്പു നടത്തിയ സര്‍ക്കാര്‍ കൊച്ചി മെട്രോയെ വര്‍ഷങ്ങള്‍ പിന്നോട്ടടിക്കുകയായിരുന്നു.

വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍
ടെന്‍ഡറായില്ല, സാങ്കേതികാനുമതി കിട്ടിയില്ല, എന്തിന്, ഭരണാനുമതിപോലും ഇല്ലാതെയാണ് കേരളത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനായ വൈറ്റിലയിലും കുണ്ടന്നൂരിലും നിര്‍മിക്കുന്ന മേല്‍പ്പാലങ്ങളുടെ കല്ലിടല്‍മാമാങ്കം മുഖ്യമന്ത്രി നടത്തിയത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ എന്നിവിടങ്ങളില്‍ മേല്‍പ്പാലം നിര്‍മിക്കാനായിരുന്നു പദ്ധതി. വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ക്കായി അധികാരത്തിലിരുന്ന അഞ്ചുവര്‍ഷവും യുഡിഎഫ് സര്‍ക്കാര്‍ ഒന്നുംചെയ്തില്ല. ഇടപ്പള്ളിയിലും പാലാരിവട്ടത്തും പാലംനിര്‍മാണം തുടങ്ങിയെങ്കിലും ഇതുവരെ തീര്‍ന്നില്ല. ഇവിടെ മേല്‍പ്പാലം വന്നുകഴിഞ്ഞാല്‍ വൈറ്റിലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്ന വിമര്‍ശം ഉയര്‍ന്നപ്പോഴാണ് വൈറ്റിലയിലും കുണ്ടന്നൂരിലും കല്ലിടല്‍തട്ടിപ്പുമായി മുഖ്യമന്ത്രി എത്തിയത്.എക്സൈസ് സമുച്ചയം
പ്രാഥമിക സൌകര്യങ്ങള്‍പോലും ഏര്‍പ്പെടുത്തും മുമ്പേയാണ് എറണാകുളം എക്സൈസ്സമുച്ചയത്തിന്റെ ‘ഉദ്ഘാടനം’. തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മന്ത്രി കെ ബാബുവിന്റെ വക ഫെബ്രുവരി 27ന് ഉല്‍ഘാടനം നടത്തി. പണി തീരാന്‍ നാലുമാസത്തിലധികം എടുക്കുമെന്ന് ഉദ്ഘാടനദിവസംതന്നെ എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഏഴു നിലകളുള്ള സമുച്ചയത്തിന്റെ ആദ്യ രണ്ടു നില മാത്രമാണ് ഭാഗികമായെങ്കിലും പൂര്‍ത്തിയായത്. വയറിങ് ജോലികള്‍ തീര്‍ന്നിട്ടില്ല. രണ്ടുനില ഒഴികെ മറ്റുള്ളവയില്‍ തറയോടുകള്‍ പാകിയിട്ടില്ല. ലിഫ്റ്റുകള്‍, അഗ്നിശമനസംവിധാനങള്‍, പാര്‍ക്കിങ്സൌകര്യം, മാലിന്യസംസ്കരണത്തിനുള്ള സംവിധാനം തുടങ്ങി ഒന്നും ആയിട്ടില്ല.

ആമ്പല്ലൂര്‍  ഇലക്ട്രോണിക്സ് പാര്‍ക്ക്
പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്ന് കണക്കാക്കിയ പദ്ധതിയാണ് ആമ്പല്ലൂരിലെ ഇലക്ട്രോണിക്സ് പാര്‍ക്ക്. ഇലക്ട്രോണിക്സ് ഹാര്‍ഡ് വെയറുകളാണ് ഇവിടെ ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത്. തെരഞ്ഞെടുപ്പുമുന്നില്‍ക്കണ്ട് ഉദ്ഘാടനം തട്ടിക്കൂട്ടി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു. ഫെബ്രുവരി 27ന് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ പദ്ധതിക്കായി സ്ഥലമെടുത്തതിന് രണ്ടു പേര്‍ക്കാണ് ചെക്ക് നല്‍കിയത്. നൂറോളം പേരില്‍നിന്നായി 300 ഏക്കറിലധികം ഏറ്റെടുക്കേണ്ട സ്ഥാനത്താണ് വെറും രണ്ടുപേര്‍ക്ക് ചെക്ക് നല്‍കി ഉദ്ഘാടനത്തട്ടിപ്പു നടത്തിയത്.
എം ജെ ജേക്കബ് പിറവം മണ്ഡലം എംഎല്‍എ ആയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് ഇലക്ട്രോണിക്സ് പാര്‍ക്ക്. സ്ഥലമെടുപ്പിന്റെ പ്രാരംഭനടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിച്ചതാണ്.

കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്

ഏറ്റവും വലിയ തട്ടിപ്പിന്റെ കഥയാണ് കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്. രണ്ടു വര്‍ഷംമുമ്പ് തറക്കല്ലിട്ടതൊഴിച്ചാല്‍ ഇതിനുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. ഇതിനിടെയാണ് ആരോഗ്യസെക്രട്ടറി കെ ഇളങ്കോവന്റെ വെളിപ്പെടുത്തല്‍ വന്നത്. പദ്ധതി ഇതുവരെ മന്ത്രിസഭ അംഗീകരിച്ചിട്ടില്ലെന്ന്. സര്‍ക്കാര്‍ ഇതുവരെ കാട്ടിക്കൂട്ടിയതൊക്കെ ശുദ്ധതട്ടിപ്പാണെന്നു തെളിഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണത്തില്‍നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹോസ്പിറ്റല്‍ സര്‍വീസ് കണ്‍സള്‍ട്ടന്‍സി കോര്‍പറേഷനെ (എച്ച്എസ്സിസി) ഒഴിവാക്കാനും സര്‍ക്കാര്‍ നീക്കം നടത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണത്തിന്ജില്ലാ സഹകരണബാങ്ക് നല്‍കാമെന്നു സമ്മതിച്ച 450 കോടി രൂപ ലഭ്യമാക്കാനും നടപടിയുണ്ടായില്ല. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിച്ചിരിക്കുകയാണ്.സിറ്റിഗ്യാസ് പദ്ധതി
കളമശേരിയില്‍ 100 വീടുകളില്‍ പദ്ധതി ആരംഭിക്കുമെന്നാണ് ഉദ്ഘാടനച്ചടങ്ങില്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി 20നായിരുന്നു മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനംചെയ്തത്. വിരലിലെണ്ണാവുന്ന വീടുകളിലേ ഇതുവരെ കണക്ഷന്‍ നല്‍കാനായുള്ളൂ. സര്‍ക്കാര്‍വാഗ്ദാനം വിശ്വസിച്ച് ഗ്യാസ് ആവശ്യപ്പെടുന്നവരോട് ഇനിയും കാത്തിരിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതാണ് യഥാര്‍ഥ്യമെന്നിരിക്കെ, കൊച്ചി നഗരത്തില്‍ പൈപ്പുവഴി പാചകവാതകം വിതരണം നടപ്പിലാക്കിയെന്നാണ് ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ പരസ്യങ്ങളിലൂടെ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെമ്പാടും പ്രചരിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here