ബ്രഹ്‌മപുരത്ത് തീയും പുകയും കെട്ടടങ്ങിയപ്പോള്‍ മുതല്‍ കൊച്ചിക്കാരുടെ ആശങ്ക മുഴുവന്‍ ഈ സംഭവങ്ങള്‍ക്ക് ശേഷം ആദ്യമായി പെയ്യാനിരിക്കുന്ന മഴയെക്കുറിച്ചായിരുന്നു. ഒടുവില്‍ ബുധനാഴ്ച കൊച്ചിയില്‍ മഴ പെയ്തു. മഴ കെട്ടടങ്ങിയിട്ടും കൊച്ചിയില്‍ പെയ്തത് ആസിഡ് മഴയോ എന്ന സംശയങ്ങള്‍ ഇനിയും ബാക്കിയാണ്. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. അമ്ല മഴയാണോ എന്ന് പരിശോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പെടെ സാമ്പിള്‍ ശേഖരണം നടത്തിയില്ലെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്.

മഴയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തലത്തിലെ പരിശോധനകളോ അത് സംബന്ധിച്ച ഫലങ്ങളോ ലഭ്യമാകാത്തത് കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അക്കാദമിക് താത്പര്യങ്ങളുടെ പേരില്‍ ശാസ്ത്രചിന്തകരും അധ്യാപകരും ശാസ്ത്രജ്ഞരും വിദ്യാര്‍ത്ഥികളുമെല്ലാം നടത്തുന്ന പരിശോധനയും തുടര്‍ന്ന് ലഭിച്ച വിവരങ്ങളും മാത്രമാണ് ഇപ്പോഴും നമ്മുക്ക് മുന്നിലുള്ളത്. ലിറ്റ്മസ് പരീക്ഷയില്‍ കൊച്ചിയില്‍ പെയ്തത് 4.5 ശതമാനം വരെ അമ്ല സ്വഭാവമുള്ള മഴയാണെന്നാണ് ശാസ്ത്രചിന്തകനായ രാജഗോപാല്‍ കമ്മത്ത് പറയുന്നത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ പരീക്ഷണത്തില്‍ മഴ വെള്ളത്തില്‍ അമ്ല സ്വഭാവം കണ്ടെത്താനായില്ലെന്ന് കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും വ്യക്തമാക്കിയിരുന്നു.

കൊച്ചിയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തുനിന്നുള്ള മഴയുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കണമായിരുന്നുവെന്ന് കുസാറ്റിലെ അഡ്വാന്റ്സ്ഡ് സെന്റര്‍ ഫോര്‍ അറ്റോമിക് റഡാര്‍ റിസേര്‍ച്ച് ശാസ്ത്രജ്ഞനായ ഡോ മനോജ് എംജി പറഞ്ഞു. തന്റെ പരീക്ഷണത്തില്‍ നിന്ന് അന്ന് പെയ്ത മഴയുടെ പിഎച്ച് മൂല്യം 6.7 എന്ന് കണ്ടെത്തിയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ശുദ്ധമായ ജലത്തിന്റെ പിഎച്ച് മൂല്യം 7 ആണെങ്കിലും ഇത് സാധാരണ ഗതിയില്‍ അഞ്ച് മുതല്‍ 7 വരെ ആകാമെന്നാണ് അദ്ദേഹം പറഞ്ഞത്.

ആശങ്കകള്‍ക്ക് വഴിവയ്ക്കുന്ന വിധത്തില്‍ അമ്ല സാന്നിധ്യം അന്ന് പെയ്ത മഴയില്‍ ഉള്ളതായി കരുതുന്നില്ലെന്നാണ് ഡോ മനോജ് പറയുന്നത്. അമ്ല മഴ നനഞ്ഞാല്‍ ശരീരം പൊള്ളുമെന്നും വസ്ത്രങ്ങള്‍ തുളഞ്ഞ് പോകുമെന്നും വരെ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയല്ല. ബ്രഹ്‌മപുരത്തുനിന്ന് നമ്മള്‍ ഒരുവിധത്തില്‍ രക്ഷപ്പെട്ടു. മഞ്ഞുകാലം ആയിരുന്നെങ്കില്‍ കൂടുതല്‍ സമയം പുക ബ്രഹ്‌മപുരത്തിന് സമീപത്ത് തന്നെ തങ്ങി നില്‍ക്കുന്ന അവസ്ഥ ഉണ്ടായേനെ. ഇപ്പോള്‍ അന്തരീക്ഷം ഏറെക്കുറേ തെളിഞ്ഞാണ് നില്‍ക്കുന്നത്. അമ്ല സാന്നിധ്യത്തോട് മറ്റും വളരെ ഉയര്‍ന്ന തീവ്രതയില്‍ ദീര്‍ഘസമയം ബന്ധത്തില്‍ വന്നാല്‍ മാത്രമാണ് കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങളുണ്ടാകുക. ഈ വിഷയത്തെ നിസാരമായി തള്ളിക്കളയണമെന്നല്ല. ഭാവിയില്‍ കൂടുതല്‍ പ്രശ്നങ്ങളുണ്ടാകാതിരിക്കാന്‍ ഈ അനുഭവം മുന്‍നിര്‍ത്തി കൂടുതല്‍ ആസൂത്രണം നടത്തുകയാണ് വേണ്ടതെന്നും ഡോ മനോജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here