കൊച്ചി: സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രി കഴിഞ്ഞ 20 വര്‍ഷമായി നടത്തിവരുന്ന അന്താരാഷ്ട്ര മൂക്ക്‌സൗന്ദര്യ ശില്‍പ്പശാലയുടേയും സെമിനാറിന്റേയും 21-മത് പതിപ്പിന് തുടക്കമായി. സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രി ഡയറക്ടര്‍ ഡോ. കെ. ആര്‍ രാജപ്പന്‍ അധ്യക്ഷനായ ചടങ്ങില്‍ എംബിആര്‍ മെഡിക്കല്‍ ട്രസ്റ്റ് മാനേജിംങ്ങ് ട്രസ്റ്റി സി കെ നളിനി ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസമായി നടക്കുന്ന ശില്‍പ്പശാലയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30-ഓളം പ്ലാസ്റ്റിക് സര്‍ജന്‍മാര്‍ പങ്കെടുക്കുന്നുണ്ട്. ശില്‍പശാലയുടെ ഭാഗമായി മൂക്കിന്റെ വൈരൂപ്യം മാറ്റി മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി 10 പേര്‍ക്ക് സൗജന്യ റൈനോപ്ലാസ്റ്റി ശസ്ത്രക്രിയകളും നടത്തുന്നുണ്ട്.

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത റൈനോപ്ലാസ്റ്റിക് സര്‍ജന്‍ ഡോ. എന്‍ എ നാസര്‍, സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലെ പ്ലാസ്റ്റിക്-മൈക്രോ-കോസ്മെറ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.. ജയകുമാര്‍, സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലെ സീനിയര്‍ പ്ലാസ്റ്റിക് സര്‍ജന്‍മാരായ ഡോ. സെന്തില്‍ കുമാര്‍, ഡോ. ആഷ സിറിയക്, ഡോ. എ ജെ ഗില്‍ഡ് എന്നിവരാണ് ശില്‍പശാലയ്ക്കും സെമിനാറിനും നേതൃത്വം നല്‍കുന്നത്. വളഞ്ഞതും തിരിഞ്ഞതും പതിഞ്ഞതുമായ മൂക്കുകള്‍ നിവര്‍ത്തുക, ഇതര ശരീര ഭാഗങ്ങളിലെ കിളിന്തെല്ലുകള്‍ വച്ചുപിടിപ്പിച്ച് നേരേയാക്കുക, മൂക്കിനുള്ളിലെ എല്ല് തകര്‍ന്നിട്ടുണ്ടെങ്കില്‍ പകരം വാരിയെല്ലില്‍ നിന്ന് മുറിച്ചെടുത്ത് വച്ച് പിടിപ്പിക്കുക, മൂക്കിന് മുകളിലുള്ള മുഴ നീക്കം ചെയ്യുക, മൂക്കിന്റെ വലിപ്പം ആകര്‍ഷകമായ വിധത്തില്‍ മാറ്റം വരുത്തുക, മൂക്കിന്റെ ഉള്ളില്‍ നിന്ന് അധിക മാംസം എടുത്തു മാറ്റുക തുടങ്ങിയ പ്രക്രിയകളാണ് റൈനോപ്ലാസ്റ്റി ശില്‍പശാലയില്‍ നടക്കുന്നതെന്ന് ഡോ. എന്‍. എ. നാസര്‍ പറഞ്ഞു.

ആശുപത്രിയിലെ പ്ലാസ്റ്റിക്, മൈക്രോസര്‍ജറി ആന്‍ഡ് കോസ്‌മെറ്റിക് ഡിപ്പാര്‍ട്ടമെന്റ് വര്‍ഷം തോറും നടത്തിവന്നിരുന്ന ഈ ശില്പശാല കോവിഡിന് ശേഷം ഈ വര്‍ഷം പുനരാരംഭിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ തല്‍ക്ഷണം ശില്പശാല വേദിയിലേക്ക് സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ രംഗത്തെ ഏറ്റവും നൂതന ശസ്ത്രക്രിയാമാര്‍ഗങ്ങളും ചികിത്സാരീതികളുമാണ് ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്യുന്നതെന്നും ആധുനിക സംപ്രേക്ഷണ സംവിധാനങ്ങളാണ് ശില്‍പ്പശാലയില്‍ ലഭ്യമായിരിക്കുന്നതെന്നും സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രി ഡയറക്ടര്‍ ഡോ. കെ. ആര്‍ രാജപ്പന്‍ പറഞ്ഞു. ത്രിദിന ശില്‍പ്പശാല ഇന്ന് (മാര്‍ച്ച് 26) സമാപിക്കും.


ഫോട്ടോ ക്യാപ്ഷന്‍: എറണാകുളത്തെ സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മൂക്ക്‌സൗന്ദര്യ ശില്‍പ്പശാലയുടേയും സെമിനാറിന്റേയും 21-മത് പതിപ്പ് എംബിആര്‍ മെഡിക്കല്‍ ട്രസ്റ്റ് മാനേജിംങ്ങ് ട്രസ്റ്റി സി കെ നളിനി ഉദ്ഘാടനം ചെയ്യുന്നു. സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. സെന്തില്‍കുമാര്‍, ഡയറക്ടര്‍ ഡോ. കെ. ആര്‍ രാജപ്പന്‍, യുകെയില്‍ നിന്നുള്ള പ്രശസ്ത റൈനോപ്ലാസ്റ്റിക് സര്‍ജന്‍ ഡോ. എന്‍ എ നാസര്‍, സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയിലെ പ്ലാസ്റ്റിക്-മൈക്രോ-കോസ്മെറ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍.. ജയകുമാര്‍ എന്നിവര്‍ സമീപം.

LEAVE A REPLY

Please enter your comment!
Please enter your name here