തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് ഇടതുപക്ഷമോ, വലതുപക്ഷമോ… അക്കാര്യം വോട്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കാം. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനു മുമ്പേ വിജയിച്ച ഒരു വിഭാഗമുണ്ട്. ഓരോ മുന്നണികള്‍ക്കും വേണ്ടി തയാറാക്കിയ പരസ്യവാചകങ്ങള്‍ തന്നെ.”എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും” എന്ന പരസ്യവാചകം തെരഞ്ഞെടുപ്പ് പ്രചാരണം ചൂടു പിടിക്കും മുന്‍പേ മെഗാഹിറ്റായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദര്‍ശന പ്രതിസന്ധി നേരിട്ട രഞ്ജിത്തിന്‍റെ ‘ലീല’ സിനിമ പോസ്റ്ററില്‍ പോലും എല്‍ഡിഎഫ് പരസ്യവാചകം ഇടംനേടി, “എല്ലാ ശരിയായി ലീലയും വന്നു”. ആധുനികകാലത്ത് മലയാളികള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആവര്‍ത്തിച്ച പരസ്യവാചകമായി ഇതു മാറിയെന്നാണ് മാര്‍ക്കറ്റിങ് ഏജന്‍സികളുടെയും പബ്ലിക് റിലേഷന്‍സ് വിദഗ്ധരുടെയും വിലയിരുത്തല്‍. കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരന്‍ പോലും മുദ്രവാക്യത്തിന്‍റെ പ്രസക്തി ജനമദ്ധ്യത്തില്‍ ഉയര്‍ത്തിക്കാട്ടി. എല്‍ഡിഎഫ് വന്നാല്‍ വിഎസിനെയാണ് ശരിയാക്കുകയെന്ന പ്രസ്താവനയായിരുന്നു വി.എം. സുധീരന്‍റേത്.

“വളരണം ഈ നാട് തുടരണം ഈ ഭരണം” എന്ന യുഡിഎഫിന്‍റെയും, “വഴിമുട്ടിയ കേരളം, വഴികാട്ടാന്‍ ബിജെപി” എന്ന ബിജെപിയുടെയും പരസ്യവാചകങ്ങള്‍ അനുയായികള്‍ ഏറ്റെടുത്തു. പരസ്യ വാചകങ്ങള്‍ ആദ്യം പരിഹാസത്തോടെ സോഷ്യല്‍ മീഡിയയിലും പ്രതികരണങ്ങളുണ്ടായി. ഇടതു പരസ്യവാചകം തമാശയായും രാഷ്ട്രീയ എതിരാളികള്‍ക്ക് കളിയാക്കാനുള്ള വാചകമായും വിമര്‍ശനങ്ങളായും ഉയര്‍ന്നു വന്നു. നെഗറ്റീവ് പബ്ലിസിറ്റിയും പബ്ലിസിറ്റി തന്നെയാണ് എന്ന ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട പ്രചാരണ തന്ത്രമാണ് ഇക്കാര്യത്തില്‍ അറിഞ്ഞോ അറിയാതെയോ വിജയിച്ചത്. ഇതെന്തൊരു ഡയലോഗാണ് എന്നു ചോദിച്ചു കളിയാക്കിക്കൊണ്ടായാലും ആളുകള്‍ ഏറ്റുപറയുന്ന സ്ഥിതി. ക്രമേണ സംഗതി പോസിറ്റീവ് ആയി മാറുകയും ചെയ്തു.

UDF1-558x237

“എല്‍ഡിഎഫ് വരും എല്ലാവരെയും ശരിയാക്കും” എന്ന് എതിര്‍കക്ഷികള്‍ ആരോപിച്ചതിലൂടെയും മിക്സിയും ഗ്രൈന്‍ഡറും വാഷിങ് മെഷീനുമൊക്കെ തകരാറിലായാല്‍ തത്കാലം നന്നാക്കരുത് എന്നും, എല്‍ഡിഎഫ് വരുമ്പോള്‍ എല്ലാം ശരിയാകുമെന്നും വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും പ്രചരിച്ച പോസ്റ്റുകള്‍ വൈറലായിരുന്നു. കൂടാതെ നിയമസഭയില്‍ കംപ്യൂട്ടര്‍ തകര്‍ക്കുന്ന ശിവന്‍കുട്ടിയെ പരിഹസിച്ച്, എല്ലാം ശരിയാക്കുന്ന ശിവന്‍കുട്ടി തുടങ്ങിയവയും ആക്ഷേപാഹാസ്യമായി രംഗത്തു വന്നു.

BJPlogo_2792128g

സിപിഎമ്മിലും ഇടതുമുന്നണിയിലും തുടക്കത്തില്‍ ഈ പരസ്യ വാചകത്തോട് വിയോജിച്ച നേതാക്കളുണ്ടായിരുന്നു. എന്നാല്‍, വളരെ ലളിതമായി ആളുകളോടു കാര്യം പറയുന്ന വാചകം എന്ന നിലയില്‍ അംഗീകാരം നല്‍കാന്‍ മുന്‍കൈയെടുത്തത് ടി.എം. തോമസ് ഐസക് ആണ്. സംസ്ഥാനമാകെ കൂറ്റന്‍ ബോര്‍ഡുകളും റെയ്ല്‍വേ സ്റ്റേഷനുകളിലെയും ബസ് സ്റ്റാന്‍ഡുകളിലെയും സംപ്രേഷണമായും കളം നിറഞ്ഞ പരസ്യവാചകത്തെ നേരിടാന്‍ യുഡിഎഫ് രണ്ടാംഘട്ട വാചകം ഇറക്കിക്കഴിഞ്ഞു. “ഈ കാരുണ്യവും കരുതലും ഇനിയും തുടരണം” എന്നാണ് അത്. കൂടാതെ ദൃശ്യമാധ്യമങ്ങളില്‍ മദ്യനിരോധനത്തിന്‍റെ പ്രസക്തി ഉയര്‍ത്തിപ്പിടിച്ച് ഫാമലി പരസ്യത്തിന്‍റെ ഭാഗമായി “ഒരു വട്ടംകൂടി യുഡിഎഫ് സര്‍ക്കാര്‍” പ്രചാരണത്തിനുണ്ട്.

ഇടതു മുന്നണിയുടെ രണ്ടാം ഘട്ടം പരസ്യവാചകം, “തിരിച്ചുവരെട്ടെ മലയാളിയുടെ കരുത്ത്” എന്നതും, “വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ അഴിമതിരഹിത വികസിത കേരളം” എന്നതുമാണ്. “ബംഗാളില്‍ കൈകോര്‍ക്കുന്നു കേരളത്തില്‍ കൊമ്പുകോര്‍ക്കുന്നു, ഇനിയും അവരെ വേണോ?” എന്നു ബിജെപിയും ചോദിച്ചു തുടങ്ങിയിരിക്കുന്നു. പഴയ മനോഹര മുദ്രാവാക്യങ്ങളുടെ സ്ഥാനത്ത് ഇന്നത്തെ ന്യൂ ജെന്‍ പ്രചാരണ പ്രയോഗങ്ങള്‍ ഭാഷയിലെ പ്രയോഗങ്ങള്‍ തന്നെയായി ഇടം നേടിക്കൊണ്ടിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here