അലിഗഡ്: ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുന്ന കലാശാലകള്‍ സംഘര്‍ഷഭൂമിയാവുകയാണോ? രോഹിത് വേമുലയുടെ മരണത്തെത്തുടര്‍ന്ന് സംഘര്‍ഷഭരിതമായ ഹൈദരാബാദിലെ കേന്ദ്ര സര്‍വകലാശാലയ്ക്കും കനയ്യ കുമാറിന്‍റെ അറസ്റ്റിലോടെ ആഗോളതലത്തില്‍ ശ്രദ്ധാകേന്ദ്രമായ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയ്ക്കും പിന്നാലെ വിഖ്യാതമായ അലിഗഡ് കാമ്പസിലും സംഘര്‍ഷം നിഴലിക്കുന്നു.

അലിഗഡില്‍ഇരുവിഭാഗം വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് കാമ്പസില്‍ കലാപവും വെടിവെപ്പും അരങ്ങേറുകയായിരുന്നു വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു പൂര്‍വ്വ വിദ്യാര്‍ഥി മേത്താബും മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷാന്തരീക്ഷമുള്ള സാഹചര്യത്തില്‍ യൂണിവേഴ്സിറ്റിയില്‍ കനത്ത കാവലാണ്.

അസംഗഡ്, സംഭാല്‍ മേഖലകളില്‍ നിന്നുള്ള രണ്ടു വിദ്യാര്‍ഥി സംഘങ്ങള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ശനിയാഴ്ച പാതിരാത്രിയിലാണ് സംഘര്‍ഷം തുടങ്ങിയത്. യൂണിവേഴ്സിറ്റിയിലെ മുംതാസ് ഹോസ്റ്റലിലെ മെഹ്സിന്‍ എന്ന വിദ്യാര്‍ഥിയെ ശനിയാഴ്ച രാത്രിയില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ അക്രമിച്ചു. ഇവര്‍ ഇയാളുടെ മുറിയില്‍ തീയിടുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഹോസ്റ്റല്‍ അധികൃതേരാട് പരാതി പറയുകയും ചെയ്തു.

സംഭവം ക്ഷണ നേരത്തിനുള്ളില്‍ നാടൊട്ടുക്ക് പാട്ടാകുകയും ഈ വിദ്യാര്‍ഥിയുള്‍പ്പെടുന്ന സംഘവും അവരെ അനുകൂലിക്കുന്നവരും എത്തി തിരിച്ചടിക്കുകയുമായിരുന്നു. യൂണിവേഴ്സിറ്റിയില്‍ ഹോസ്റ്റല്‍ പ്രോക്ടറുടെ ഓഫീസിനു സമീപം ഏറ്റുമുട്ടിയ ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ക്കുകയും ചെയ്തു. ഈ വെടിവയ്പ്പിലാണ് മേത്താബ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ഇന്നലെ വൈകിട്ട് മരണമടഞ്ഞു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തോക്കുകളും മറ്റായുധങ്ങളുമായി അക്രമത്തിന് ആസൂത്രണം ചെയ്താണ് ഇവര്‍ എത്തിയത്.
അക്രമികള്‍ ഒരു ജീപ്പും അവിടെ വച്ചിരുന്ന പന്ത്രണ്ടിലേറെ ബൈക്കുകളും കത്തിച്ചു. ഹോസ്റ്റല്‍ പ്രോക്ടറുടെ ഓഫീസ് കത്തിച്ച വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ കെട്ടിടങ്ങളും ഓഫീസും തച്ചുതകര്‍ത്തു. കൊള്ളിവയ്പ്പും അക്രമങ്ങളും വെടിവയ്പ്പും നിയന്ത്രണാതീതമായതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. രണ്ടു മണിക്കൂറിലൈറ പോലീസ് പരിശ്രമിച്ചാണ് അക്രമികളെ തുരത്തിയത്.

രണ്ടു മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള പോര് തുടങ്ങിയിട്ട് കാലമേറെയായി. ഇന്നലെ എന്‍ജിനിയറിംഗ് എന്‍ട്രന്‍സിന് പതിമൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് ഉടന്‍ തന്നെ വന്‍ തോതില്‍ പോലീസിനെ നിയോഗിച്ചു. ദ്രുതകര്‍മ്മസേനയേയും നിയോഗിച്ചു. സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് വളരുമോയെന്ന ആശങ്കയാണിപ്പോള്‍ എല്ലായിടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here