വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനു പിന്നാലെ ഇന്ത്യക്കാരെ പരിഹസിച്ച് മെയ്ന്‍ ഗവര്‍ണറും. ആശയവിനിമയം നടത്താന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത് ഇന്ത്യക്കാരായ തൊഴിലാളികളോടാണെന്നാണ് മെയ്ന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗവര്‍ണര്‍ പോള്‍ ലോപേജ് പറഞ്ഞു. മെയ്നില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ഇന്ത്യക്കാരെ പരിഹസിക്കുന്ന രീതിയില്‍ ലേപേജിന്‍റെ പരിഹാസം. ഇന്ത്യന്‍ തൊഴിലാളികളോട് ആശയവിനമയം നടത്തുന്നതിനായി ഒരു ദ്വിഭാഷിയുടെ ആവശ്യമാണെന്ന രീതിയിലുളള പരാമര്‍ശമാണ് ലേപേജ് ഉന്നയിച്ചത്. വിദേശ തൊഴിലാളികളെ റസ്റ്ററന്‍റുകളിലെ ജോലികള്‍ക്ക് മാത്രമേ പ്രയോജനപ്പെടു എന്നു പറഞ്ഞ ലേപേജ് ഇന്ത്യന്‍ സമൂഹം സ്നേഹമുള്ളവരാണെന്നും പറയുന്നു.

നേരത്തെ ഇന്ത്യക്കാരുടെ ഭാഷ ഉച്ചാരണത്തെ പരിഹസിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ഡെലാവെയറില്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലാണ് ട്രംപ് ഇന്ത്യക്കാരെ പരിഹസിച്ചത്. ക്രെഡിറ്റ് കാര്‍ഡ് കമ്പനിയോട് അവരുടെ കസ്റ്റമര്‍ സപ്പോര്‍ട്ട് അമേരിക്കയിലാണോ അതോ പുറത്താണോ എന്ന് താന്‍ ചോദിച്ചിരുന്നുവെന്ന് പറഞ്ഞായിരുന്നു ട്രംപ് ഇവിടെ പ്രസംഗം തുടങ്ങിയത്. കസ്റ്റമര് കെയര്‍ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയ്ക്ക് പുറത്താണെങ്കില്‍ എങ്ങനെ ശരിയാകും എന്നായിരുന്നു ട്രംപിന്‍റെ ചോദ്യം.

താന്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ച് നിങ്ങള്‍ എവിടെ നിന്നാണെന്ന് ചോദിച്ചപ്പോള്‍ ഇന്ത്യയില്‍ നിന്നാണെന്ന് പറഞ്ഞു. ഓ അത് നന്നായി എന്നു പറഞ്ഞ് ഫോണ്‍ വെച്ചു. ഇന്ത്യക്കാര്‍ കസ്റ്റമര്‍ കെയറില്‍ ഇരുന്നാല്‍ അതെങ്ങനെ ശരിയാകുമെന്ന് ട്രംപ് ചോദിച്ചു. കോള്‍ സെന്‍ററിലേക്ക് വിളിച്ച് ചോദിക്കുന്ന രംഗം അഭിനയിച്ചു കാണിക്കുകയും ചെയ്തു.

അതേസമയം, ഇന്ത്യ മഹത്തായ രാജ്യമാണെന്നും ഇന്ത്യന്‍ നേതാക്കളോട് തനിക്ക് ദേഷ്യമില്ലെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയിലെ വിഡ്ഢികളായ നേതാക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍ നിരാശയാണെന്നും ട്രംപ് തുറന്നടിച്ചു. നേരത്തെ പുറംതൊഴില്‍ കരാര്‍ ജോലി അമേരിക്കക്കാരുടെ തൊഴിലിനെ ദോഷകരമായി ബാധിക്കുന്നതായി ട്രംപ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here