കൊച്ചി: വസ്ത്രനിര്‍മാണശാലയുടെ ഉദ്ഘാടനത്തിന് എത്തിയ ചലചിത്രനടി ഭാമ, പ്രതിഫലത്തര്‍ക്കത്തെത്തുടര്‍ന്ന് പിണങ്ങിപ്പോയി എന്നതു വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ പ്രതിഫലത്തര്‍ക്കമല്ല, ആശയവിനിമയത്തിലെ പിഴവാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നാണ് ഭാമയുടെ വിശദീകരണം. ശ്രീജിത്ത് രാജാമണി എന്ന ഇടനിലക്കാരനാണ് പ്രശ്നക്കാരനെന്നും ഫേസ്ബുക്കിലൂടെ നല്‍കിയ വിശദീകരണത്തില്‍ ഭാമ പറയുന്നു. ഇയാളാണ് തന്നെ ഉദ്ഘാടന ചടങ്ങിന് ക്ഷണിച്ചത്. യുണീക് മോഡല്‍സ് ആന്‍റ് സെലിബ്രിറ്റി മാനേജ്മെന്‍റിന്‍റെ മാനേജിംഗ് ഡയറക്ടര്‍ എന്നാണ് അയാള്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്. രണ്ടര ലക്ഷം രൂപയാണ് പ്രതിഫലം നല്‍കാമെന്ന് ഇദ്ദേഹം പറഞ്ഞത്. അതില്‍ ഒരു ലക്ഷം അഡ്വാന്‍സായി നല്‍കാമെന്നും പറഞ്ഞു. ബാക്കി തുക ഉദ്ഘാടന ചടങ്ങിന് മുന്‍പ് നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു. പക്ഷേ 15,000 രൂപ മാത്രമാണ് അഡ്വാന്‍സ് വകയില്‍ അക്കൗണിലെത്തിയത്. പക്ഷേ ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ നേരത്തേ പറഞ്ഞിരുന്ന ചടങ്ങ് ഞാന്‍ ഉപേക്ഷിച്ചില്ല. സ്ഥലത്തേക്ക് പോയി. അവിടെ ചെല്ലുമ്പോള്‍ പറഞ്ഞ തുക നല്‍കുമെന്നും കരുതി. പക്ഷേ ഞെട്ടിക്കുന്ന അനുഭവമാണ് അവിടെ എനിക്ക് നേരിടേണ്ടിവന്നത്.

ശ്രീജിത്ത് രാജാമണി എന്നയാളെ അവിടെയെങ്ങും കാണാന്‍ കഴിഞ്ഞില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലൈനില്‍ കിട്ടിയില്ല. ചടങ്ങ് സംഘടിപ്പിച്ചവര്‍ പറഞ്ഞത് എനിക്ക് തരാമെന്ന് പറഞ്ഞ് അയാള്‍ അവരില്‍നിന്ന് 50,000 ഇതിനകം തന്നെ വാങ്ങിയിട്ടുണ്ടെന്നാണ്. ഒരു ലക്ഷം മാത്രമാണ് ഞാന്‍ പ്രതിഫലമായി ആവശ്യപ്പെട്ടതെന്നാണ് ശ്രീജിത്ത് അവരോട് പറഞ്ഞിരുന്നതെന്നും അറിയാന്‍ കഴിഞ്ഞു. ചതിക്കപ്പെട്ടതായി അറിഞ്ഞിട്ടും ഇടനിലക്കാരനാലാണ് അത് സംഭവിച്ചത് എന്നതിനാല്‍ എന്നെ എന്തിനാണോ ക്ഷണിച്ചത് അത് ചെയ്തിട്ടാണ് ഞാന്‍ മടങ്ങിയത്. അല്ലാതെ മറ്റ് തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് എന്‍റെ അഭ്യുദയകാക്ഷികളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു-ഫേസ്ബുക്ക് കുറിപ്പ് തുടരുന്നു.

ചലച്ചിത്രമേഖലയിലുള്ള സഹപ്രവര്‍ത്തകരോട് ശ്രീജിത്ത് രാജാമണിയെപ്പോലുള്ളവരെ സൂക്ഷിക്കണമെന്നും പറയാന്‍ ആഗ്രഹിക്കുന്നു. എനിക്ക് സംഭവിച്ച ചതിയില്‍ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഞാന്‍. ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവാതിരിക്കട്ടെ. എന്നെ സ്നേഹിക്കുന്നവരോട് ഒരു കാര്യം.. നിങ്ങള്‍ നല്‍കുന്ന പിന്തുണയേക്കാള്‍ പണത്തെ സ്നേഹിക്കുന്നയാളല്ല ഞാന്‍. ഇത് സംബന്ധിച്ച് വന്നിരിക്കുന്ന തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നുന്നതായും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here