ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ ദേശീയ ആസ്ഥാനത്തെത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയലില്‍ നിന്ന് അനിൽ ആന്‍റണി പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. ബിജെപിയുടെ സ്ഥാപക ദിനത്തിലാണ് അനില്‍ ആന്‍റണി പാര്‍ട്ടിയില്‍ ചേര്‍ന്നത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് അനിൽ ആൻറണി ബിജെപി ആസ്ഥാനത്ത് എത്തിയത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലിൽ നിന്നുമാണ് അനിൽ ആൻറണി അംഗത്വം സ്വീകരിച്ചത്. ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരനും സന്നിഹിതനായിരുന്നു. കാവി ഷോളണിയിച്ചാണ് അനിലിനെ ബിജെപി നേതൃത്വം സ്വീകരിച്ചത്.

ഇത് സന്തോഷകരമായ ദിനമാണ് എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ബിജെപിയുടെ സ്ഥാപന ദിവസമാണ്. ഈ ദിവസം തന്നെ അനില്‍ ആന്റണിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷണുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളിലൂടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നാടിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നിലപാടുകള്‍ എടുത്തിരുന്ന ആളാണ് അനില്‍ ആന്റണി. കോണ്‍ഗ്രസിലായിരുന്ന സമയത്തും അദ്ദേഹത്തിന്റെ വിവിധ വിഷയങ്ങളിലെ അഭിപ്രായങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അപ്പുറത്ത് നാടിന്റെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അംഗീകരിച്ച് ബിജെപിയുടെ കുടക്കീഴില്‍ വരാന്‍ സന്നദ്ധരാകുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് അനില്‍ ആന്റണി അംഗത്വം സ്വീകരിച്ചതെന്നും മുരളീധരന്‍ പറഞ്ഞു.

ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായിരുന്നു അനില്‍ ആന്‍റണി. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നും, ഇറാക്ക് യുദ്ധത്തിന്‍റെ തലച്ചോറായിരുന്നു മുന്‍ യു കെ വിദേശകാര്യസെക്രട്ടറി ജാക് സ്ട്രോയെന്നും അനില്‍ ആന്‍റണി ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച കോൺഗ്രസ് നേതൃത്വത്തിന് ഇത് തിരിച്ചടിയായിരുന്നു.

പ്രധാനമന്ത്രി മോദിയുടേയും അനിൽ ആൻറണിയുടേയും ദർശനം ഒന്നാണെന്ന് പീയൂഷ് ഗോയൽ പറഞ്ഞു. രാഷ്ട്രീയത്തിന് അതീതമാണ് രാഷ്ട്രം എന്നാണ് അനിലിൻറെ നിലപാട്. അതുകൊണ്ടാണ് ബിബിസിയുടെ ഡോക്യുമെൻററി ഇന്ത്യയുടെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്ന് അദ്ധേഹം പറഞ്ഞു. കേരളത്തിലെ പാർടിയിലും കേരള രാഷ്ട്രീയത്തിലും അനിൽ ആൻറണിക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പീയൂഷ് ഗോയൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here