ന്യൂഡൽഹി: ​അമിത് ഷായെ വിമർശിച്ച് ലേഖനമെഴുതിയ സംഭവത്തിൽ സി.പി.എം രാജ്യസഭ എം.പി ജോൺ ബ്രിട്ടാസിന് നോട്ടീസ്. രാജ്യസഭ ചെയർമാനും വൈസ് പ്രസിഡന്റുമായ ജഗ്ദീപ് ധൻകറാണ് നോട്ടീസ് നൽകിയത്. ഇന്ത്യൻ എക്സ്പ്രസിൽ അമിത് ഷായെ വിമർശിച്ച് ബ്രിട്ടാസ് എഴുതിയ ലേഖനം രാജ്യദ്രോഹമാണെന്ന് പരാതിയിലാണ് നടപടി.

കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവ് പി.സുധീർ നൽകിയ പരാതിയിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. രാജ്യസഭ ചെയർമാന് നൽകിയ പരാതിയുടെ സ്വഭാവം തന്നെ അപലപിക്കപ്പെടേണ്ടതാണെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു.

 

രാജ്യസഭ ചെയർമാൻ ഇക്കാര്യത്തിൽ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മൗലികവകാശങ്ങളെ കുറിച്ച് നല്ല ബോധ്യമുള്ള നമ്മുടെ ചെയർമാൻ എന്റെ അവകാശങ്ങളും സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രിട്ടാസ് പറഞ്ഞു.

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നിങ്ങളുടെ അടുത്തുള്ള പ്രദേശം കേരളമാണെന്നും അതിനാൽ ബി.ജെ.പി വോട്ട് ചെയ്താൽ മാത്രമേ രക്ഷയുള്ളുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനെതിരായിട്ടായിരുന്നു ബ്രിട്ടാസിന്റെ ലേഖനം.

ഇതാദ്യമായല്ല അമിത് ഷാ കേരളത്തെ അപമാനിക്കുന്നതെന്നും ഭൂരിപക്ഷ രാഷ്ട്രീയത്തോട് ​സംസ്ഥാനം ചേർന്നു നിൽക്കാത്തതിനാലാണ് വിമർശനമെന്നും ബ്രിട്ടാസ് പറഞ്ഞിരുന്നു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനും ഭരണഘടനക്ക് പകരം മനുസ്മൃതി കൊണ്ടുവരാനുമാണ് അമിത് ഷായുടെ ശ്രമമെന്നും ലേഖനത്തിൽ ജോൺ ബ്രിട്ടാസ്‍ വിമർശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here