കൊല്ലം: കൊല്ലപ്പെട്ട വനിതാ ഹൗസ് സർജൻ ഡോ. വന്ദനയുടെ ശരീരത്തിലേറ്റത് 11 കുത്തുകളെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോക്ടറുടെ തലയ്ക്ക് മാത്രം മൂന്നുതവണ കുത്തേറ്റിട്ടുണ്ട്. ആറുതവണ മുതുകിലും കുത്തേറ്റു. മുതുകിലും തലയിലുമേറ്റ ഒന്നിലധികം കുത്തുകൾ വന്ദനയുടെ മരണത്തിന് കാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൊതുദർശനത്തിന് വച്ചിരിക്കുന്ന മൃതദേഹം നാളെ സംസ്കരിക്കും. കേസിലെ പ്രതി സന്ദീപിനെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഇയാളെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.

 

സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാർ പണിമുടക്ക് തുടരും. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐ,​എം.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

 

ഇന്ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച സന്ദീപ് ഹൗസ് സർജനായ ഡോ. വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ് വന്ദന. കേസിലെ പ്രതി സന്ദീപ് നെടുമ്പന യു.പി. സ്കൂൾ അദ്ധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here