
കൊച്ചി: കൊച്ചി തീരത്ത് വൻ ലഹരിവേട്ട. അടുത്തിടെ രാജ്യത്ത് നടന്ന മൂന്നാമത്തെ വലിയ ലഹരിവേട്ടയാണിത്. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നൽകുന്ന വിവരം അനുസരിച്ച് 2800 കിലോ മയക്കുമരുന്നാണ് പിടികൂടിയിരിക്കുന്നത്. 12,000 കോടി രൂപ വിലമതിക്കുന്ന ലഹരിയാണ് പിടിച്ചെടുത്തിരിക്കുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാൻ പൗരനെ അറസ്റ്റു ചെയ്തു. എൻസിബിയും ഇന്ത്യൻ നാവിക സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വൻ തോതിൽ ലഹരി പിടിച്ചെടുത്തത്. ലഹരിയുമായി നീങ്ങിക്കൊണ്ടിരുന്ന കപ്പലാണ് സംഘം പിടികൂടിയത്. മെതാഫെറ്റമിൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്.
സമുദ്രഗുപ്ത എന്ന് പേരിട്ട ഓപ്പറേഷന്റെ ഭാഗമായാണ് ലഹരിവേട്ട. കടൽ വഴിയുള്ള മയക്കുമരുന്ന് കടത്തിന് തടയിടുന്ന ഓപ്പറേഷനാണ് സമുദ്രഗുപ്ത. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് കടത്തുന്ന മയക്കുമരുന്നിന് തടയിടുകയാണ് ഓപ്പറേഷൻ ഗുപ്തയുടെ ലക്ഷ്യം.