ദുബൈ: ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്​ അവാര്‍ഡ്-2023 യു.കെയിലെ നഴ്​സായ മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡിന്​. 202 രാജ്യങ്ങളില്‍ നിന്നും അപേക്ഷിച്ച 52,000 നഴ്‌സുമാരില്‍ നിന്നാണ് 250,000 ഡോളര്‍(രണ്ട്​ കോടിയിലേറെ രൂപ) സമ്മാനത്തുകയുള്ള അവാർഡിന്​ മാര്‍ഗരറ്റ് തിരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ ലണ്ടനിലെ ക്യൂന്‍ എലിസബത്ത്-II സെന്‍ററില്‍ നടന്ന ചടങ്ങിൽ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ്​ ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനാണ്​ വിജയിയെ പ്രഖ്യാപിച്ചത്​.

യു.കെ സർക്കാറിന്‍റെ ഡെപ്യൂട്ടി ചീഫ് പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ഫോര്‍ ദ ഓഫീസ് ഓഫ് ഹെല്‍ത്ത് ഇംപ്രൂവ്‌മെന്‍റ്​ ആന്‍റ്​ ഡിസ്പാരിറ്റീസ് പ്രൊഫ. ജാമി വാട്ടറാള്‍ പുരസ്‌ക്കാര വിതരണം നിർവഹിച്ചു. റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്​ പ്രസിഡന്‍റ്​ ഷെയ്‌ല സോബ്‌റാനി, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്ടര്‍ അലീഷ മൂപ്പന്‍, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് കോര്‍പറേറ്റ് അഫേര്‍സ് ഗ്രൂപ്പ് ഹെഡുമായ ടി.ജെ വില്‍സൺ എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

ഫൈനലിസ്റ്റുകളെ അഭിനന്ദിച്ചും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന് നന്ദി അറിയിച്ചും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്‍റെ പ്രത്യേക വീഡിയോ സന്ദേശം അവാര്‍ഡ് ദാന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. അവാര്‍ഡ് ജേതാവായി മാര്‍ഗരറ്റിനെ പ്രഖ്യാപിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രചോദനമേകുന്ന രോഗി പരിചരണത്തിന്‍റെയും അര്‍പ്പണബോധത്തിന്‍റെയും ഉന്നത മാതൃകയാണ് അവര്‍ പകര്‍ന്നുനല്‍കിയതെന്നും അതിലൂടെ ആഗോള അംഗീകാരത്തിന് അര്‍ഹയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര നഴ്സസ് ദിന സന്ദേശമായ ‘നമ്മുടെ നഴ്സുമാര്‍, നമ്മുടെ ഭാവി’ എന്നതിനോട് യോജിക്കുന്ന ലളിതവും, എന്നാല്‍ പ്രൗഢവുമായ നന്ദി പ്രകടനമാണ്​ അവാർഡ്​ ചടങ്ങെന്ന്​ അലീഷ മൂപ്പന്‍ പറഞ്ഞു.

അവാര്‍ഡ് നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായും അവാര്‍ഡ് ജേതാവായ മാര്‍ഗരറ്റ് ഹെലന്‍ ഷെപ്പേര്‍ഡ് പറഞ്ഞു. പ്രമേഹ രോഗ പരിചരണം മെച്ചപ്പെടുത്താന്‍ സമര്‍പ്പണത്തോടെ പ്രവർത്തിച്ച്​ ശ്രദ്ധേയയായ മാർഗരറ്റ്​, ലോകമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ക്ക് ഉപദേശങ്ങള്‍ നല്‍കുന്ന വ്യക്​തി കൂടിയാണ്​. നഴ്സുമാരുടെ നിസ്വാർഥ സംഭാവനകളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് അവാര്‍ഡ് ആരംഭിച്ചത്.

കാത്തി ക്രിബെന്‍ പിയേഴ്സ്(യു.എ.ഇ), ക്രിസ്റ്റിന്‍ മാവിയ സാമി(കെനിയ), ഗ്ലോറിയ സെബല്ലോ(പനാമ), ജിന്‍സി ജെറി(അയര്‍ലൻഡ്​), ലിലിയന്‍ യൂ സ്യൂ മീ(സിംഗപ്പൂർ), മൈക്കല്‍ ജോസഫ് ഡിനോ( ഫിലിപ്പീൻസ്​), ശാന്തി തെരേസ ലക്ര(ഇന്ത്യ), തെരേസ ഫ്രാഗ(പോര്‍ച്ചുഗൽ), വില്‍സണ്‍ ഫംഗമേസ ഗ്വെസ്സ(താന്‍സാനിയ) എന്നിവരാണ്​ അവനാ റൗണ്ടിലെത്തിയ മറ്റുള്ളവർ. ഇവർക്ക്​ പ്രത്യേക സമ്മാനത്തുകയും ചടങ്ങില്‍ സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here