വിദ്യാർഥികൾ സംസ്ഥാനതല എൻട്രൻസ് പരീക്ഷ എഴുതിയത് വെറുതെയാകില്ലെന്ന് എൻട്രൻസ് കമ്മിഷണര്‍. തുടർനടപടികൾ സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും. സുപ്രീംകോടതിയുടെ പുതിയ വിധി ബാധകമാവുക എംബിബിഎസ്, ബിഡിഎസ് വിദ്യാർഥികൾക്കു മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മെഡിക്കൽ പ്രവേശനത്തിന് ഈ വർഷം മുതൽ ഏകീകൃത പരീക്ഷ (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ) നടത്താൻ സുപ്രീംകോടതി ഉത്തരവ്. രണ്ടുഘട്ടമായി പരീക്ഷ നടത്താനാണ് സിബിഎസ്ഇ തീരുമാനം. ആദ്യ പരീക്ഷ മെയ് ഒന്നിനാണ്. രണ്ടാമത്തേത് ജൂൺ 24നും. ഫലപ്രഖ്യാപനം ഒാഗസ്റ്റ് 17ന് നടക്കും.

അതേസമയം, ഇന്നലെയും ഇന്നുമായി സംസ്ഥാന മെഡിക്കൽ പ്രവേശനപ്പരീക്ഷയെഴുതിയ വിദ്യാർഥികൾ നിരാശയിലാണ്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി സംസ്ഥാന റാങ്കിൽ വരുമെന്ന് പ്രതീക്ഷിച്ചവർ അഖിലേന്ത്യാതലത്തിൽ ഈ പ്രകടനം ആവർത്തിക്കാനാവുമോയെന്ന് ആശങ്കപ്പെടുന്നു.

അതേസമയം, അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ ബി.എസ്.മാവോജി അറിയിച്ചു. സംസ്ഥാന എന്‍ട്രന്‍സ് പ്രകാരമാണോ അഖിലേന്ത്യാ പ്രവേശനപരീക്ഷവഴിയാണോ പ്രവേശനം നടത്തുകയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. വിദ്യാർഥികൾ ഇനി വിവിധ പ്രവേശന പരീക്ഷകൾ എഴുതേണ്ടതില്ല. ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് കോടതി പറഞ്ഞു.

ഈ വർഷംതന്നെ പൊതുപ്രവേശന പരീക്ഷ നടത്താൻ തയാറാണെന്നു കേന്ദ്രസർക്കാരും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും (എംസിഐ) സുപ്രീംകോടതിയിൽ വ്യക്‌തമാക്കിയിരുന്നു. സമയക്രമം വ്യാഴാഴ്ച അറിയിക്കാൻ ജഡ്‌ജിമാരായ അനിൽ ആർ.ദവെ, ശിവകീർത്തി സിങ്, ആദർശ് കുമാർ ഗോയൽ എന്നിവരുടെ ബെഞ്ച് നിർദേശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here