ന്യൂഡല്‍ഹി:ഭാവിയിലെ യുദ്ധം കുടിവെള്ളത്തിനുവേണ്ടിയായിരിക്കുമെന്ന പ്രവചനം യാഥാര്‍ത്ഥ്യത്തിലേക്കോ?. കടുത്ത വേനലില്‍ ഇന്ത്യ മുഴുവന്‍ ചുട്ടുപൊള്ളുന്ന അവസ്ഥയില്‍ രാജ്യതലസ്ഥാനത്ത് ജല എ.ടി.എമ്മുകള്‍ വരികയാണ്, വരാനിരിക്കുന്ന കൊടിയ വറുതിയുടെ നേര്‍ ഉദാഹരണമായി. ഒരു കാലത്ത് ജലസമൃദ്ധമായിരുന്ന ഡല്‍ഹിയുടെ ഇപ്പോഴത്തെ അവസ്ഥയും ഇതിലൂടെ വ്യക്തം. ഡല്‍ഹിയിലെ മൂന്ന് നഗരസഭകളിലൊന്നായ ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായി ജല എ.ടി.എം തുടങ്ങുന്നതിന് താല്‍പര്യപത്രം ക്ഷണിച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് 118 കേന്ദ്രങ്ങളില്‍ എ.ടി.എം സ്ഥാപിക്കാനാണ് പദ്ധതി. എ.ടി.എമ്മുകളുടെ രൂപകല്‍പന, നിര്‍മാണം, നടത്തിപ്പ് എന്നിവയെല്ലാം പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ്. ഏഴുവര്‍ഷത്തേക്കാണ് കരാര്‍. തിരക്കേറിയ സ്ഥലങ്ങളിലാണ് സ്ഥാപിക്കുക. മുനിസിപ്പല്‍ കോര്‍പറേഷനില്‍നിന്ന് എ.ടി.എം നടത്തിപ്പുകാര്‍ക്ക് വെള്ളം വാണിജ്യ നിരക്കില്‍ നല്‍കും. നിരക്ക് പിന്നീട് നിശ്ചയിക്കും. വര്‍ഷത്തില്‍ ഏഴുശതമാനം കണ്ട് നിരക്ക് വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.

കാല്‍ ലിറ്റര്‍ മുതല്‍ 20 ലിറ്റര്‍ വരെ ശുദ്ധജലം പാത്രങ്ങളില്‍ നിറക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. ചെറിയ ഗ്ളാസുകള്‍ എ.ടി.എമ്മില്‍ തന്നെ ലഭ്യമാക്കും. മിനിറ്റില്‍ 12 ലിറ്റര്‍ വരെ നിറക്കാന്‍ സാധിക്കുന്നതാണ് യന്ത്രസംവിധാനങ്ങള്‍. രാവിലെ ആറുമുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും. നടത്തിപ്പില്‍ വീഴ്ചവരുത്തിയാല്‍ പ്രതിദിനം 5,000 രൂപ വരെ പിഴചുമത്തുമെന്നും അധികൃതര്‍ പറയുന്നു.

കൊടുംചൂടും കുടിവെള്ളത്തിന്‍റെ അഭാവവും മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ സൂര്യാതപം മൂലം മാത്രം ഇന്ത്യയില്‍ നാലായിരത്തിലേറെപ്പേര്‍ മരിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം മാര്‍ച്ചു വരെ 87 പേര്‍ ചൂടിനും അത്യുഷ്ണത്തിനും ഇരയായി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ലോക്സഭയില്‍ എഴുതിനല്‍കിയ മറുപടിയില്‍ സര്‍ക്കാര്‍ കഴിഞ്ഞദിവസമാണ് അറിയിച്ചത്. ഒന്‍പത് എംപിമാരാണു സൂര്യാതപം മൂലമുള്ള മരണത്തെക്കുറിച്ചു സഭയില്‍ ചോദ്യം ഉന്നയിച്ചത്. ഇതിനു ഭൗമശാസ്ത്ര സഹമന്ത്രി വൈ.എസ്.ചൗധരി നല്‍കിയ മറുപടിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ: 2013ല്‍ രാജ്യത്ത് 1,433 പേര്‍ സൂര്യാതപം മൂലം മരിച്ചു. 2014ല്‍ 549, 2015ല്‍ 2,135 എന്നിങ്ങനെയാണു മരണസംഖ്യ. ഈ വര്‍ഷം മാര്‍ച്ചു വരെ 87 പേര്‍ മരിച്ചതില്‍ 56 പേര്‍ തെലങ്കാന,19 പേര്‍ ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ആന്ധ്രയില്‍ എട്ടുപേര്‍ മരിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ ഓരോ മരണം വീതവുമുണ്ടായി-ജല എടിഎമ്മിന് തുടക്കം കുറിക്കാനുള്ള ഡല്‍ഹിയുടെ തീരുമാനത്തെ ഈ കണക്കുകളുടെ കൂടി അടിസ്ഥാനത്തില്‍ വിലയിരുത്തണം. ഇന്ന് ഡല്‍ഹിയാണെങ്കില്‍ നാളെ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളിലും ജല എടിഎമ്മുകളെത്തുമെന്ന് ഉറപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here